kilikalkku-vellavmi-kutty

ആറ്റിങ്ങൽ: കടുത്ത വേനലിൽ പറവകൾക്കും ചെറുജീവികൾക്കുമെല്ലാം ദാഹജലമൊരുക്കുകയാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിപൊലീസുകാർ. 'കിളികളും കൂളാവട്ടെ' എന്ന കാമ്പയിനുമായി തങ്ങളുടെ വീടുകളിലും സമീപപ്രദേശങ്ങളിലും തുറസായ സ്ഥലങ്ങളിലുമെല്ലാം പാത്രങ്ങളിൽ വെള്ളം നിറയ്ക്കുകയാണിവർ ചെയ്യുന്നത്. തോടുകളും തണ്ണീർത്തടങ്ങളുമെല്ലാം വറ്റി വരണ്ടതോടെ പക്ഷികൾക്കും മറ്റും ആശ്വാസമാവുകയാണിത്. കഴിഞ്ഞ കുറെ വർഷമായി വേനൽക്കാലത്ത് സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റംഗങ്ങൾ പക്ഷികൾക്ക് ദാഹജലം നൽകുന്നുണ്ട്. ദാഹമകറ്റിയ ശേഷം മിക്ക കിളികളും ചെറിയ കുളിയും കഴിഞ്ഞാണ് യാത്രയാകുന്നത്. വെള്ളം തീരുന്നതനുസരിച്ച് ഇടയ്ക്കിടെ വീണ്ടും പാത്രങ്ങൾ നിറച്ച് വയ്ക്കാനും ഇവർ ശ്രദ്ധിക്കാറുണ്ട്. ക്യാമ്പയിന്റെ ഭാഗമായി സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം നിറച്ച പാത്രങ്ങൾ കേഡറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.