
ഉദിയൻകുളങ്ങര: അമരവിള കാരക്കോണം റോഡ് വികസനത്തിലേക്ക്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരുടെ നീണ്ടകാലത്തെ കാത്തിരിപ്പാണ് സഫലമാകുന്നത്. നിലവിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ധനുവച്ചപുരത്തേക്കും കാരക്കോണം മെഡിക്കൽ കോളേജ്, നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണ് ഇത്. നിലവിൽ ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റോഡിൽ അപകടങ്ങളും പതിവായിരുന്നു. റോഡ് വികസിക്കുന്നതോടെ ഈ വഴി സുഗമമായി അതിവേഗം യാത്രചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
 പ്രവർത്തനം ആരംഭിച്ചു
കരമന- കളിയിക്കാവിള ദേശീയപാതയെയും മലയോര ഹൈവേയും തമ്മിൽ ബന്ധിപ്പിക്കുന്ന എളുപ്പമാർഗമാണ് അമരവിള - കാരക്കോണം റോഡ്. നിലവിലെ മലയോര ഹൈവേയുടെ അതേ തരത്തിലാണ് ഈ റോഡും നിർമ്മിക്കുന്നത്. 12 മീറ്റർ വീതിയുണ്ടായിരുന്ന റോഡിന്റെ ഇരുവശത്തുനിന്നുമായി 30 മീറ്റർ വീതം സ്ഥലം ഏറ്റെടുത്ത് വീതികൂട്ടിയാണ് പുതിയ റോഡ് നിർമ്മിക്കുന്നത്. ഇതിനായി 30 കോടി 17 ലക്ഷം രൂപ അടങ്കൽ തുകയ്ക്ക് കരാറും നൽകി.
ഫ്ലൈഓവറും വരുന്നു
നെടിയാംക്കോട് ഭാഗത്തുള്ള കനാൽ പാലം പൊളിച്ച് പുതിയപാലം നിർമ്മിക്കും. റെയിൽവേ കടന്നുപോകുന്ന എയ്തുകൊണ്ടാൻകാണി റെയിൽവേ ക്രോസിന് മുകളിലൂടെ ഫ്ലൈഓവർ ഈ റോഡിന്റെ നിർമ്മാണത്തോടെ നടക്കും. ഇതോടെ ഏറെക്കാലമായി ഇവിടെയുണ്ടാകുന്ന ഗതാഗത കുരുക്കിനും മാറ്റമുണ്ടാകും. റെയിൽവേ സബ് വേ ആണ് ഇവിടെ അനുവദിച്ചതെങ്കിലും ജനപ്രതിനിധികളുടെ സമയോചിതമായ
ഇടപെടലുകൾ കാരണം ഈ റോഡിന് ഫ്ലൈ ഓവർ അനുവദിക്കുകയായിരുന്നു. റെയിൽവേ കടന്നുപോകുന്ന ഈ ഭാഗത്ത് മഴക്കാലങ്ങളിൽ ഏറെ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് സബ് വേ തടസ്സമാകുന്നിതിനും പരിഹാരമാകും.