
തിരുവനന്തപുരം: പ്രായവും ആരോഗ്യപ്രശ്നങ്ങളും മറന്ന് ചുറുചുറുക്കുള്ള ബാല്യത്തിലേക്ക് ഒരു തിരിച്ചുപോക്ക്.ആടിയും പാടിയും അവർ ഓർമ്മകൾ അയവിറക്കും. വിരലിലെണ്ണാവുന്ന അംഗങ്ങളുമായി 14 വർഷം മുൻപ് വയോജനങ്ങൾക്കായി വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിച്ച 'ഉണർവ് 'കൂട്ടായ്മയിൽ ഇന്ന് 400ലേറെ അംഗങ്ങളുണ്ട്. മാസത്തിലെ മൂന്നാം ശനിയാഴ്ചയാണ് ഒത്തുകൂടുന്നത്.വിശേഷങ്ങൾ പങ്കുവയ്ക്കാൻ ദിവസമെണ്ണിയുള്ള കാത്തിരിപ്പാണ് ഓരോരുത്തർക്കും. 'കുഞ്ഞുനാൾ മുതൽ നൃത്തം ചെയ്യാൻ ഇഷ്ടമായിരുന്നു. അമ്മ സമ്മതിച്ചില്ല. ഇപ്പോൾ ഞാൻ ശരിക്കും ഹാപ്പിയാണ്.' പർദേസി പർദേസി' എന്ന ഗാനത്തിന് ചുവടുവയ്ക്കുന്നതിന് മുമ്പ് പേരൂർക്കട സ്വദേശി 65കാരി കൃഷ്ണമ്മ രാഘവൻ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ ജോലിയിൽ നിന്ന് വിരമിച്ച ശേഷം നൃത്ത മോഹം പൊടിതട്ടിയെടുത്തു.ഓരോ ഇനത്തിനും പ്രത്യേകം കോസ്റ്റ്യൂമുകളും മേക്കപ്പുമുണ്ടായിരിക്കും. ഷീലയും പ്രേംനസീറും എം.ജി ആറും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ കൂത്തമ്പലത്തിൽ മിന്നിമറയും. പാട്ടിന് കരോക്കെയും മൈക്കുമുണ്ട്. പണ്ടത്തെ കവികളും പ്രഭാഷകരും നാടകനടന്മാരും ഇക്കൂട്ടത്തിലുണ്ട്.രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഒത്തുകൂടൽ തുടരും. ഉച്ചയ്ക്ക് ഒരുമിച്ചിരുന്ന് ആഹാരം കഴിക്കും.
പിറന്നാൾ മധുരം
ഓരോ മാസവും ജന്മദിനം ആഘോഷിക്കുന്നവരെല്ലാം മൂന്നാം ശനിയാഴ്ച ഒന്നിച്ച് കേക്ക് മുറിക്കും. ഉണർവിന്റെ വാട്ട്സാപ്പ് ഗ്രൂപ്പും ഉഷാറാണ്. 'പലരും പല രീതിയിലാണ് വികാരങ്ങൾ പ്രകടിപ്പിക്കുന്നത്. ചിലർ കരയും,ചിലർ ദേഷ്യപ്പെടും...എങ്കിലും ഇവിടെ ആരും ഒറ്റപ്പെടില്ല.' വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ മെമ്പർ സെക്രട്ടറി പി.എസ്.മനേക്ഷ് പറഞ്ഞു.കൊവിഡിന് ശേഷം കുറച്ചു നാൾ ഉണർവ് നിർജീവമായിരുന്നു. വേനൽ കടുത്തതോടെ എത്താൻ ചിലർക്ക് ബുദ്ധിമുട്ടുണ്ട്. ഇവിടെ എത്തിയശേഷം മാനസികപിരിമുറുക്കവും ആരോഗ്യപ്രശ്നങ്ങളും കുറഞ്ഞവരും ധാരാളമാണ്.