തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന്റെ ക്രമാസമാധാനപരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും തിരുവനന്തപുരം ജില്ലാ പരിധിയിലെ വ്യക്തികൾ ലൈസൻസുള്ള ആയുധം കൈവശം വയ്ക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറപ്പെടുവിച്ചു. ആരെങ്കിലും ആയുധം കൈവശം വച്ചാൽ ക്രിമിനൽ ചട്ടം 1973 സെക്ഷൻ 144 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് നടപടികൾ സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഫലം പ്രഖ്യാപിക്കുന്നത് വരെയാണ് നിരോധനം.

അച്ചടിശാലകൾ സത്യവാംഗ് മൂലം വാങ്ങണം

തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാർത്ഥിമാരോ അവരുടെ ഏജന്റുമാരോ സ്ഥാനാർത്ഥികൾക്കായി മറ്റാരെങ്കിലുമോ രാഷ്ട്രീയപാർട്ടികളോ പോസ്റ്റർ, ബാനർ മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവ പ്രിന്റ് ചെയ്യാൻ സമീപിക്കുന്ന പക്ഷം പ്രിന്റിംഗ് ജോലി ഏൽപ്പിക്കുന്നവരിൽ നിന്ന് ഒരു സത്യവാംഗ് മൂലം വാങ്ങി സൂക്ഷക്കേണ്ടതാണെന്ന് എക്സ്‌പെന്റിച്ചർ നോഡൽ ഓഫീസർ അറിയിച്ചു. പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളിൽ, പ്രിന്റിംഗ് സ്ഥാപനം പബ്ലിഷ് ചെയ്യുന്ന ആളിന്റെ മേൽവിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തിയിരിക്കണം. ഇവയുടെ 2 കോപ്പിയും സത്യവാംഗ്മൂലത്തിന്റെ പകർപ്പും, പ്രസ് പ്രവർത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പന്റിച്ചർ ഒബ്സർവർക്ക് 3 ദിവസത്തിനകം കൈമാറണം. ഇത് പാലിക്കാത്ത അച്ചടിശാലകൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കും.