
വർക്കല : റോഡരികിലെ ഉണങ്ങിയ തണൽ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷന് സമീപം പതിറ്റാണ്ടുകൾ പഴക്കമുള്ള തണൽ മരങ്ങളിൽ പലതും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റുന്നതിന് നമ്പറിട്ടിട്ടുള്ള മരങ്ങളിൽ പലതും ഒടിഞ്ഞോ കടപുഴകിയോ അപകടം സംഭവിക്കാൻ സാദ്ധ്യതയേറെയാണെന്നുള്ള നാട്ടുകാരുടെ പരാതികളും ഉയർന്നിട്ടുണ്ട്. സ്റ്റേഷൻ പരിസരത്തു നിന്ന പടുകൂറ്റൻ ആൽമരത്തിന്റെ ശിഖരം കഴിഞ്ഞ ദിവസം ഒടിഞ്ഞു വീണിരുന്നു. പുലർച്ചെയായതിനാൽ വൻ അപകടം ഒഴിവായി. സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ബോർഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പൂർണമായും ഉണങ്ങിയതും ഏകദേശം 110 വർഷത്തിന് മുകളിൽ പഴക്കവുമുള്ള മരത്തിന്റെ മറ്റ് രണ്ട് ശിഖരങ്ങളും ഏത് സമയവും ഒടിഞ്ഞു വീഴാവുന്ന അവസ്ഥയാണ്. യാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടം കൂടിയാണിത്.
ദുരന്തത്തിന് കാത്തു നിൽക്കരുത്
സ്റ്റേഷന് സമീപത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തിന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 27നാണ് ആറാട്ട് ഘോഷയാത്ര നടക്കുന്നത്. ആയിരക്കണക്കിന് ജനങ്ങളാണ് റെയിൽവേയുടെ അധീനതയിലുള്ള വൃക്ഷങ്ങൾ നിൽക്കുന്ന ഗ്രൗണ്ടിൽ ഉത്സവത്തിനായെത്തുന്നത്. മരം ഒടിഞ്ഞു വീണുള്ള ദുരന്തത്തിന് കാത്തു നിൽക്കാതെ ജനങ്ങളുടെ സുരക്ഷ മുൻ നിറുത്തി മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുനിസിപ്പൽ പാർക്കിലും തണൽ മരങ്ങൾ അപകടാവസ്ഥയിൽ
ടൗണിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായ വർക്കല മുനിസിപ്പൽ പാർക്കിന്റെ ഇരു വശങ്ങളിലുമുള്ള തണൽ മരങ്ങളും അപകടാവസ്ഥയിലാണ്. പാർക്കിനോട് ചേർന്ന് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിൽക്കുന്ന രണ്ട് തണൽ മരങ്ങളിൽ ഒന്ന് പൂർണമായും ഉണങ്ങി ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. മറ്റൊന്നിന്റെ പകുതി ഭാഗം 2 വർഷം മുന്നേയുള്ള കാറ്റിലും മഴയിലും ഒടിഞ്ഞു വീണിരുന്നു. ഇതിന്റെ ബാക്കി ഭാഗവും ചിതൽ കയറി ജീർണാവസ്ഥയിലായി. റോഡിനോട് ചേർന്ന് നിൽക്കുന്ന തണൽ മരം കടപുഴകാവുന്നനിലയിലാണ്. മരത്തിന്റെ അടിഭാഗം ജീർണിച്ച് ദ്രവിച്ച് പൊള്ളയായി മാറിക്കഴിഞ്ഞു. നൂറുകണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന പൊതുപരിപാടികൾ പാർക്കിൽ മിക്കവാറും എല്ലാ ദിവസങ്ങളിലും സംഘടിപ്പിക്കാറുണ്ട്. പകൽ സമയങ്ങളിൽ വയോജനങ്ങൾ വിശ്രമിക്കുന്നതിനായി സമയം ചെലവിടുന്നതും ഇവിടെയാണ്. റോഡിലൂടെ വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന സമയങ്ങളിലോ പാർക്കിൽ പൊതു പരിപാടികൾ നടക്കുന്ന വേളയിലോ മരം വീണാൽ ഉണ്ടായേക്കാവുന്ന അപകടം വളരെ വലുതാണ്.