
തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമബത്ത സംബന്ധിച്ച ഉത്തരവിൽ ഭരണപക്ഷ സംഘടനകളും പ്രതിഷേധത്തിൽ. കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നൽകി. ഉത്തരവിൽ മുൻകാല പ്രാബല്യം, കുടിശിക എന്നിവ സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് പ്രതിഷേധത്തിന് കാരണം.
അടിസ്ഥാന ശമ്പളത്തിന്റെ രണ്ട് ശതമാനമാണ് അനുവദിച്ചത്. അഞ്ച് ഗഡു കുടിശികയാണ് സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ലഭിക്കാനുള്ളത്.
അനുവദിച്ച ക്ഷാമബത്തയുടെ പ്രാബല്യ തീയതി 2021 ജനുവരി ഒന്നാണ്. ഈ തീയതി മുതലുള്ള കുടിശിക നൽകണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ധ്യാപകരും പ്രതിഷേധത്തിലാണ്. മുൻകാലങ്ങളിൽ കുടിശിക പി.എഫിൽ ലയിപ്പിക്കുമായിരുന്നു. കുടിശിക മുൻകാല പ്രാബല്യത്തോടെ പി.എഫിൽ ലയിപ്പിക്കണമെന്നാണ് ആവശ്യം.