വിഴിഞ്ഞം: ദാഹജലത്തിനായുള്ള നെട്ടോട്ടത്തിലാണ് വെങ്ങാനൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പുത്തംകാനത്തെ മുപ്പതോളം വരുന്ന കുടുംബങ്ങൾ. വാട്ടർ അതോറിട്ടിയുടെ കാഞ്ഞിരംകുളം ഡിവിഷനിൽ നിന്നുള്ള പമ്പ് ഹൗസിൽ നിന്നുമാണ് ഇവിടെ ജല വിതരണം നടത്തുന്നത്. ഇവിടെ നിന്നുള്ള അവസാന കണക്ഷനാണ് ഈ കുടുംബങ്ങളിൽ എത്തുന്നത്. വാട്ടർ അതോറിട്ടി അധികൃതരുമായി ബന്ധപ്പെടുമ്പോൾ ജലവിതരണം നടക്കുന്നുണ്ടെന്നാണ് മറുപടി. എന്നാൽ പൈപ്പ് ലൈൻ വഴി ജലം ഇവിടേക്ക് എത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിയിട്ട് ദിവസങ്ങളായെന്ന് നാട്ടുകാർ പറയുന്നു. ഒട്ടുമിക്ക വീടുകളിലും കിണർ ഇല്ലാത്തതിനാൽ ഇവിടുത്തുകാർ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
വർഷങ്ങളായി നാട്ടുകാർ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരോടും എം.എൽ.എയോടും പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. പാലച്ചൽക്കോണം, ചാവടിനട പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ ഭാഗത്ത് കുടിവെള്ളം ലഭിച്ചിട്ട് ആഴ്ചകളോളമാവുന്നു. ബാലരാമപുരം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായതോടെ പുലിയൂർക്കോണം പമ്പ് ഹൗസിൽ നിന്നുള്ള വിതരണം കഴിഞ്ഞ മൂന്ന് മാസമായി നിലച്ചിരിക്കുകയാണ്. കുടിവെള്ള വിതരണത്തിന് തടസം നേരിടുന്ന പ്രദേശങ്ങളിൽ ജലവിതരണം ഉറപ്പാക്കുമെന്ന് ആറാലുംമൂട് വാട്ടർ അതോറിട്ടി ദിവസങ്ങൾക്കു മുമ്പ് അറിയിച്ചിരുന്നെങ്കിലും ജലവിതരണം പൂർണമായി തടസപ്പെടുകയായിരുന്നു.
പരിഹാരമുണ്ട്, നടപടിയില്ല
പെരിങ്ങമ്മല വാട്ടർ ടാങ്കിൽ നിന്നും ഇവിടേക്ക് ജലമെത്തിച്ചാൽ പുത്തംകാനം നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് ഒരുപരിധി വരെ പരിഹാരമാകും. 25 മീറ്റർ മാത്രം പെെപ്പ് സ്ഥാപിച്ചാൽ ഈ പ്രദേശത്ത് കുടിവെള്ളം തടസമില്ലാതെ ലഭിക്കുമെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ കൈയൊഴിയുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
കുടിവെള്ളം വാങ്ങുന്നു
വേനൽ കടുത്തതോടെ ജലക്ഷാമവും രൂക്ഷമായിരിക്കുകയാണ്. വസ്ത്രങ്ങൾ അലക്കുന്നതിനും ആഹാരം പാകം ചെയ്യുന്നതിനു പോലും ആവശ്യമായ ജലം ലഭിക്കുന്നില്ല. വീട്ടാവശ്യത്തിനായി ശുദ്ധജലം പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. 2000 ലിറ്ററിന് 1000 രൂപ എന്ന നിരക്കിലാണ് ഇവർ വെള്ളം വാങ്ങുന്നത്. ഒരു മാസം മൂന്നോ നാലോ തവണ വെള്ളം വാങ്ങേണ്ട ഗതികേടിലാണിവർ.