1

വിഴിഞ്ഞം: കരുണാകരനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽക്കിടന്നുറങ്ങാം. ഗൃഹപ്രവേശന ചടങ്ങ് നാളെ രാവിലെ10ന് നടക്കും. പുതിയ വീടെന്ന സ്വപ്നം നടപ്പായതിൽ അതിയായ സന്തോഷമെന്ന് കരുണാകരൻ പറഞ്ഞു. റേഷൻ കാർഡ് ഉണ്ടായിട്ടും റേഷൻ ലഭിക്കാതിരുന്ന കുടുംബത്തിന്റെ ദുരിത ജീവിതത്തെക്കുറിച്ച കഴിഞ്ഞ വർഷം ജനുവരി17ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മന്ത്രി ഇടപെട്ട് കരുണാകരന്റെ കുടുംബത്തിന് പുതിയ റേഷൻ കാർഡ് അനുവദിച്ചു. വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ ജെ. കരുണാകരനും മാനസിക വൈകല്യമുള്ള ഭാര്യ തുളസിയും ശരീരം തളർന്ന് കിടപ്പിലായ മകൻ അനിയും (33) അടങ്ങുന്നതാണ് കുടുംബം. വാർത്തയെ തുടർന്ന് ഡൽഹി കേന്ദ്രമായ സന്നദ്ധ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് കോർപ്സ് നേതൃത്വത്തിൽ തുളസിയെയും മകൻ അനിയെയും ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയിരുന്നു. തുളസി ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി. അനി നാലാഞ്ചിറയിലെ അഗതിമന്ദിരത്തിലാണ്. പുതിയ വീടാകുന്നതോടെ അനി വീട്ടിലേക്ക് മടങ്ങും. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ജലജീവൻ പദ്ധതി പ്രകാരം പൈപ്പ് കണക്ഷനും ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. സാജന്റെ നേതൃത്വത്തിൽ താത്കാലിക വൈദ്യുത കണക്ഷനും നൽകി. എങ്കിലും അടച്ചുറപ്പില്ലാത്ത വീടായിരുന്നു ഇവരുടേത്. വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫിലോകാലിയ എന്ന സംഘടനയിലെ ബ്രദർ മാരിയോ ജോസഫ്, ജിജി മാരിയോ എന്നിവരുടെ സഹായത്തോടെ കഴിഞ്ഞ ജൂണിൽ വീടിന് തറക്കല്ലിട്ടു. 10 ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് ഇവർക്ക് പുതിയ വീട് പണിതത്. രണ്ട് മുറി, ഹാൾ, സിറ്റൗട്ട്, അടുക്കള എന്നിവ അടങ്ങുന്നതാണ് പുതിയ വീട്. നാളെ രാവിലെ 10ന് ഫിലോകാലിയ അധികൃതർ,​ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, ബ്ലോക്ക് മെമ്പർ കെ.എസ്. സാജൻ, പഞ്ചായത്ത് വാർഡ് അംഗം അജിതകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.