തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ 'കൂടില്ലാ വീടി"ന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നെയ്യാറ്റിൻകര അരങ്കമുകളിലെ രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹം സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടില്ലാ വീട് കേന്ദ്ര സർക്കാർ ഏറ്റെടുത്ത് ഇവിടെ മാദ്ധ്യമപഠന കേന്ദ്രം ആരംഭിക്കണമെന്ന് സംരക്ഷണ സമിതി ചെയർമാൻ പി.കെ. ഉണ്ണിക്കൃഷ്ണൻ നായർ,വി.എസ്.രാജ്കുമാർ കൗൺസിലർ രമ എന്നിവർ ആവശ്യപ്പെട്ടിരുന്നു.
വെള്ളയമ്പലം ലാറ്റിൻ കാത്തലിക് ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുമായുള്ള കൂടിക്കാഴ്ചയോടെയാണ് ഇന്നലെ രാജീവ് ചന്ദ്രശേഖർ പ്രചാരണത്തിന് തുടക്കമിട്ടത്. സഭ അഭിമുഖീകരിക്കുന്ന ചർച്ചയായി. നാടിന്റെ വികസനത്തിന് മുന്നിൽ നിൽക്കുന്നവരെ വിജയിപ്പിക്കുമെന്ന് ബിഷപ്പ് ഉറപ്പുനൽകി.
തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയും സന്ദർശിച്ചപ്പോൾ വികാരി ഡി.സെൽവരാജൻ സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേർന്നു. തിരുപുറം കോക്സ് മെമ്മോറിയൽ ഡി.എസ്.ഐ ചർച്ചും അദ്ദേഹം സന്ദർശിച്ചു. ഓലത്താന്നി അരങ്ങിൽ ശിവക്ഷേത്രത്തിൽ അമൃത എം.നായർ-വൈശാഖ് എന്നിവരുടെ വിവാഹ നിശ്ചയത്തിലും പങ്കെടുത്തു.
എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ഓഫീസിലെത്തിയപ്പോൾ കെ.വി.സൂരജ് കുമാർ, ആവണി ശ്രീകണ്ഠൻ എന്നിവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. നെയ്യാറ്റിൻകര കൂട്ടപ്പന മേജർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മേട തിരുവാതിര ഉത്സവത്തിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്ര പ്രസിഡന്റ് എൻ.എസ്.ദിലീപ് കുമാർ, സെക്രട്ടറി എൻ.മഹേഷ്,സുരേഷ് കുമാർ തുടങ്ങിയവർ സ്വീകരിച്ചു. പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ദേവീക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിലും പങ്കെടുത്തു.