
പാലോട്: ഇടിഞ്ഞാർ മങ്കയം ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം വൈകിട്ട് 5.30ഓടെ കാട്ടാനക്കൂട്ടം ഇറങ്ങി. കുട്ടിയാന ഉൾപ്പെടെ എട്ട് ആനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത്. ചെക്ക് പോസ്റ്റിന് സമീപത്തെ ആറ്റിൽ വെള്ളം കുടിക്കാനാണ് ആന എത്തിയതെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളായി ഈ മേഖലയിൽ ആനശല്യം കുറവായിരുന്നു. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ആനക്കൂട്ടം കാട്ടിലേയ്ക്ക് മടങ്ങി. സ്ഥലവാസികൾ ഭീതിയിലാണ്. വനം വകുപ്പിന്റെ ഭാഗത്തുനിന്നും വന്യജീവി ശല്യം തടയാൻ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
.