
വെഞ്ഞാറമൂട്: പിതാവിനെ മർദ്ദിച്ച് കൊന്ന കേസിൽ മക്കളായ ഇരട്ടകൾ അറസ്റ്റിൽ. കീഴായിക്കോണത്തിന് സമീപം അമ്പലം മുക്ക് ഗാന്ധി നഗർ സുനിതാഭവനിൽ സുധാകരന്റെ (57) മരണത്തിലാണ് മക്കളായ നന്ദു എന്നു വിളിക്കുന്ന കൃഷ്ണ (24), ചന്തു എന്ന് വിളിക്കുന്ന ഹരി എന്നിവർ അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം.
സുധാകരന്റെ ഭാര്യ സുനിതയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് വീട്ടിൽ ആഘോഷങ്ങളുണ്ടായിരുന്നു. ഇതിനിടയിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായി. സുധാകരനും ഇളയ മകൻ ആരോമലും ഒരു പക്ഷത്തും, മാതാവും മൂത്ത മക്കളായ കൃഷ്ണയും ഹരിയും മറുപക്ഷത്തുമായി നടന്ന വാക്കേറ്റം കൈയേറ്റത്തിൽ കലാശിച്ചു.
വീടിന് മുന്നിലെ റോഡിൽ വച്ച് ആരോമലിനെ മൂത്ത മക്കൾ മർദ്ദിക്കുന്നത് തടയാൻ ചെന്ന സുധാകരൻ അടിയേറ്റ് സമീപത്തെ തോട്ടിലേക്ക് വീണു. തോട്ടിൽ വച്ചും സുധാകരന് മദ്ദനമേറ്റു. ബഹളം കേട്ട് നാട്ടുകാരെത്തി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുധാകരൻ മരിച്ചു.
സംഭവത്തിൽ കേസെടുത്ത വെഞ്ഞാറമൂട് പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വെഞ്ഞാറമൂട് എസ്.എച്ച്.ഒ രാജേഷ്.പി.എസ്, എസ്.ഐ ജ്യോതിഷ് ചിറവ, ഗ്രേഡ് എസ്.ഐ മാരായ ബേസിൽ, ജി. ശശിധരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ നിഥിൻ, സിവിൽ പൊലീസ് ഓഫീസർമാരായ ആകാശ്, വിഷ്ണു, സജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി.