
കഴക്കൂട്ടം: ആലുവ നഗര മധ്യത്തിൽ ഇന്നലെ പുലർച്ചെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പിൻതുടർന്ന ഇന്നോവ കാർ കണിയാപുരത്ത് വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന ആറംഗ സംഘം ഓടി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കണിയാപുരം പുത്തൻ കടവിനടുത്താണ്
ചുവപ്പ് നിറത്തിലുള്ള ഇന്നോവ കാറിൽ സംഘം എത്തിയത്. ഇവരെ സിറ്റി പൊലീസും കഠിനംകുളം മംഗലപുരം പൊലീസും പിൻതുടർന്ന് വരുകയായിരുന്നു. കാർ കണിയാപുരം പുത്തൻകടവിനടുത്ത് എത്തിയപ്പോൾ പൊലീസിനെ വെട്ടിച്ച് വയലാൻ വിളാകം എന്ന സ്ഥലത്ത് നിറുത്തി കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സംഘത്തിൽ ആറു പേർ ഉണ്ടായിരുന്നതായും പരുത്തി ഏലവഴി മതിൽ ചാടി കടന്നാണ് ഇവർ രക്ഷപ്പെട്ടതെന്നുമാണ് നാട്ടുകാർ പറയുന്നത്.
റൂറൽ എസ്.പിയുടെ സാന്നിദ്ധ്യത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് കാർ കസ്റ്റഡിയിലെടുത്തത്. വിരടലായള വിദഗ്ധരും ഡോഗ് സ്ക്വാഡും ഫോറൻസിക്കും എത്തി പരിശോധിച്ചു. കാറിൽ രക്തക്കറ കണ്ടതായും സൂചനയുണ്ട്. സംഘത്തിനായി പൊലീസ് ഊർജിതമായ അന്വേഷണം നടത്തുന്നു. പത്തനംതിട്ട സ്വദേശിയിൽ നിന്ന് വാടകയ്ക്ക് എടുത്ത് കാറാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്നലെ രാവിലെ ഏഴരയോടെ ആലുവ ബസ് സ്റ്റാന്റിനും റെയിൽ സ്‌റ്റേഷനും ഇടയിലുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ ആളെയാണ് സംഘം തട്ടിക്കൊണ്ടുപോയതായി അറിയാനായത്. ഓട്ടോ ഡ്രൈവർമാർ നൽകിയ വിവരമനുസരിച്ചാണ് പൊലീസ് എത്തിയത്.