
നെടുമങ്ങാട്: രാഷ്ട്രീയത്തിൽ മാത്രമല്ല,ക്രിക്കറ്റിലും മികച്ച ഓപ്പണിംഗ് ബാറ്റ്സ്‌മാനാണെന്ന് തെളിയിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇന്നലെ രാവിലെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ടെറുമോ പെൻ പോൾ ബി.എം.എസ് യൂണിയൻ സംഘടിപ്പിച്ച എസ്.ജയരാജൻ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെന്റ് ഉദ്‌ഘാടന വേളയിലാണ് കളിയിലെ ഓപ്പണർ മികവ് മുരളിധരൻ അനായാസം തെളിയിച്ചത്.
ടൂർണമെന്റിന്റെ നടത്തിപ്പിൽ ഉടനീളം പങ്കെടുത്ത അദ്ദേഹം വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചാണ് മടങ്ങിയത്. കമ്പനി ജനറൽ മാനേജർ ഹരികൃഷ്ണൻ,ബി.എം.എസ് ജില്ലാ പ്രസിഡന്റ് രാകേഷ്,ജില്ലാ സെക്രട്ടറി ഇ.വി.ആനന്ദ്, യൂണിയൻ ജനറൽ സെക്രട്ടറി പി.ജി.അനിൽ, ബി.എം.എസ് സാംസ്കാരിക സംഘടന സെക്രട്ടറി വിഷ്ണു.വി.ആർ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. പോത്തൻകോട് പണിമൂല ശ്രീഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി ഭക്തജനങ്ങളോടും സമുദായ നേതാക്കളോടെയും വോട്ടഭ്യർത്ഥിച്ച ശേഷം വൈകിട്ട് സർക്കാർ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ കോട്ടയത്ത് പോയി. ഇന്ന് മണ്ഡലത്തിൽ തിരിച്ചെത്തും.
യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് പൗരത്വ ഭേദഗതിക്കെതിരെ നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം തെരുവിലിറങ്ങി പ്രതിഷേധിച്ചാണ് കൈയടി നേടിയത്. കന്യാകുളങ്ങര മുതൽ വെമ്പായം വരെ നടന്ന നൈറ്റ് മാർച്ചിൽ ആരവങ്ങളോടെയും ഉശിരൻ മുദ്രാവാക്യം വിളികളോടെയും പ്രവർത്തകർ അദ്ദേഹത്തെ ആനയിച്ചു. രാവിലെ ആറ്റിങ്ങൽ,വർക്കല മേഖലകളിൽ വിവാഹ ചടങ്ങുകളിലും പാർട്ടി പ്രവർത്തകരുടെ മരണവീടുകളിലും സന്നിഹിതനായി. വൈകിട്ട് വാമനപുരം,നഗരൂർ, തോട്ടയ്ക്കാട് യു.ഡി.എഫ് കൺവെൻഷനുകളിൽ പങ്കെടുത്തു. ഡി.സി.സി, ബ്ലോക്ക് ഭാരവാഹികൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു. അടൂർ പ്രകാശിന്റെ പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഇന്ന് വൈകിട്ട് ആറ്റിങ്ങലിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി മണ്ഡലത്തിലെ ആദിവാസി ഊരുകൾ സന്ദർശിക്കുന്ന തിരക്കിലായിരുന്നു. തലസ്ഥാനത്തെ പ്രമുഖ ട്രൈബൽ സങ്കേതങ്ങൾ ഉൾപ്പെടുന്ന വാമനപുരം മണ്ഡലത്തിലെ ഊരുകളുടെ മനസ്സറിഞ്ഞുള്ള യാത്ര. കപ്പയും കാന്താരി മുളകും കട്ടൻ ചായയും കഴിച്ച് ഊരുകളുടെ പ്രിയങ്കരനായി മടക്കം. രാവിലെ മടത്തറ വനമേഖലയിൽ നിന്ന് ആരംഭിച്ച വനയാത്ര പോട്ടോമാവ്, ശാസ്‌താംനട,കലയപുരം,പാങ്ങോട്,കൊച്ചടപ്പുപാറ,അഞ്ചാനകുഴിക്കര,ചെട്ടിയാംകുന്നുകയം,നീർപ്പാറ,പച്ചമല,ചെറ്റച്ചൽ, വട്ടപ്പൻകാട്,കൊന്നമൂട്,വിട്ടിക്കാവ്,ഇയ്യക്കോട്,കാട്ടിലക്കുഴി,ഇലഞ്ചിയം,ഞാറനീലി എന്നിവിടങ്ങൾ പിന്നിട്ട് വൈകിട്ട് എൽ.ഡി.എഫ് പാലോട് മേഖല കൺവെൻഷനിൽ പങ്കെടുത്തു. സി.പി.ഐ മണ്ഡലം കമ്മിറ്റിഅംഗം എൽ.സാജന്റെ അദ്ധ്യക്ഷതയിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.കെ.മധു ഉദ്‌ഘാടനം ചെയ്തു. എ.എം.അൻസാരി,പി.എസ്.മധു,ജോർജ് ജോസഫ്,ഇ.ജോൺകുട്ടി,ജി.എസ്.ഷാബി,കെ.പി.ചന്ദ്രൻ,ബിന്ദു തുടങ്ങിയവർ സംസാരിച്ചു. വി.ജോയിയുടെ പൊതുപരിപാടികൾ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.