തിരുവനന്തപുരം: സീറ്റ് ബുക്കിംഗ് ഉള്ള സർവീസ് കെ.എസ്.ആർ.ടി.സി റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള എ.സി ബസാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. മുക്കാൽ മണിക്കൂറോളം കാത്തുനിന്നശേഷമാണ് ബസ് സർവീസ് നടത്തുന്നില്ലെന്ന വിവരമറിഞ്ഞത്. ഇതിനിടെ കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട നിരവധി ഫോൺ നമ്പരുകളിൽ വിളിച്ചിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

വെള്ളിയാഴ്ച രാവിലെ 10.10ന് തമ്പാനൂരിൽ നിന്ന് കൊല്ലത്തേക്കു പുറപ്പെടേണ്ടിയിരുന്ന എ.സി ബസിൽ യാത്രചെയ്യുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത്. സാധാരണ സർവീസ് ആരംഭിക്കുന്നതിന് മുൻപ് ബസ് നമ്പരും കണ്ടക്ടറുടെ ഫോൺ നമ്പരും ഉൾപ്പെടെ യാത്രക്കാരുടെ ഫോണിലേക്ക് മെസേജ് അയ്ക്കുന്ന രീതിയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ബസ് കാണാത്തതിനെ തുടർന്ന് ബുക്ക് ചെയ്തപ്പോൾ ലഭിച്ച നമ്പരായ 04742752008ലും 9447071021, 04712323886 എന്നീ നമ്പരുകളിലും നിരവധി തവണ മാറിമാറി വിളിച്ചെങ്കിലും ഈ ബസിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തിരുവനന്തപുരം ഡിപ്പോയിൽ വിളിക്കുമ്പോൾ കൊല്ലം ഡിപ്പോയിലെ ബസാണ്, അവിടെ വിളിക്കാനാണ് നിർദ്ദേശം ലഭിച്ചത്. കൊല്ലം ഡിപ്പോയിൽ വിളിക്കമ്പോഴാകട്ടെ തമ്പാനൂർ ഡിപ്പോയിൽ വിളിച്ചാലേ വിവരമറിയാൻ കഴിയൂവെന്നുള്ള മറുപടിയായിരുന്നു. ഒടുവിൽ മുക്കാൽ മണിക്കൂറിനു ശേഷമാണ് ഈ ബസ് സർവീസ് നടത്തുന്നില്ലെന്ന വിവരം ലഭിച്ചത്. ബംഗളൂരു സർവീസുകളും ഇടയ്ക്ക് കുറയ്ക്കാറുണ്ടെന്ന് പരാതിയുണ്ടായിരുന്നു.ശിവരാത്രി ദിവസവും തലേന്നും ധാരാളം യാത്രക്കാരുണ്ടായിരുന്നപ്പോഴും സർവീസുകളിൽ ഒന്നു കുറയ്ക്കുകയാണ് ചെയ്തത്.