തിരുവനന്തപുരം : വേനൽ കടുത്തതിനൊപ്പം വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ വെള്ളമില്ലാതെ വന്നതോടെ നഗരസഭയുടെ അഞ്ചിലധികം വാർഡുകളിലുള്ളവർ ദുരിതത്തിൽ . വാട്ടർ അതോറിറ്റി പോങ്ങുംമൂട് , കഴക്കൂട്ടം സെക്ഷനുകളുടെ കീഴിൽ വരുന്ന ചെറുവയ്ക്കൽ , ആക്കുളം , ആറ്റിപ്ര, പൗഡിക്കോണം, ഞാണ്ടൂർക്കോണം വാർഡുകളിലാണ് വെള്ളം കിട്ടാക്കനിയായത്. ഈ വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ഒരു തുള്ളിപോലും കിട്ടാത്ത അവസ്ഥയാണ്.

മുട്ടട, പാറോട്ടുകോണം സത്യ നഗർ എന്നിവിടങ്ങളിൽ രണ്ടുദിവസം മുൻപുണ്ടായ പൈപ്പ് പൊട്ടലിന് ശേഷമാണ് ജലവിതരണം പൂർണമായി മുടങ്ങിയത്. പൊട്ടിയ പൈപ്പ് അടച്ചിട്ടും ജല വിതരണം ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല .
വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പരിൽ നാട്ടുകാർ അറിയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല. ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
വേനൽ കടുത്തതോടെ കുടിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കുമായി വെള്ളം കിട്ടാതെ നട്ടംതിരിയുകയാണ് നാട്ടുകാർ. കൗൺസിലർമാർ പ്രശ്നത്തിൽ ഇടപെട്ടിട്ടും ജല അതോറിറ്റി മൗനത്തിലാണ്. ഇതിനെതിരെ സമര പരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.