
ബാലരാമപുരം: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുന്നണികളുടെ പ്രചാരണത്തിന് വീറും വാശിയുമേറുകയാണ്. സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കേരളത്തെ എൽ.ഡി.എഫ്, ബി.ജെ.പി സർക്കാരുകൾ വൻ കടക്കെണിയിലേക്ക് തള്ളിവിടുകയാണെന്ന ആരോപണം പ്രചാരണ ആയുധമാക്കുകയാണ് കോൺഗ്രസ്.
യു.ഡി.എഫ് മേഖല തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ 20 മുതൽ തുടങ്ങും. ബാലരാമപുരം കല്പടിയിൽ ഹാളിലാണ് ആദ്യ കൺവെൻഷൻ നടക്കുന്നത്. കെ.പി.സി.സി,ഡി.സി.സി അംഗങ്ങളാണ് തിരഞ്ഞെടുപ്പ് ചുമതലകൾ ഏറ്റെടുത്തിരിക്കുന്നത്. മേഖലാ തലത്തിൽ ബൂത്ത് ഭാരവാഹികൾ പ്രകടന പത്രിക ഉൾപ്പെടെ ലഘുലേഖ വിതരണത്തിന് നേതൃത്വം നൽകും.
ഇടതുവലതു മുന്നണികൾ മാറിമാറി ഭരിച്ചിട്ടും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരമുയർത്താൻ യാതൊന്നും ചെയ്തില്ലെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പുല്ലുവിളയിൽ കടലാക്രമണം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം സെന്റ് ജേക്കബ് ഫെറോന പള്ളിയിലെത്തി ഫാ.ആന്റണി എസ്.ബിയെ സന്ദർശിച്ചു. തീരദേശവാസികളുടെ നീറുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ഉടൻ പരിഹാരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഗവൺമെന്റിനും മുന്നോട്ടുപോകാൻ കഴിയാത്ത സാമ്പത്തിക ഉപരോധമാണ് കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്നതെന്ന് എൽ.ഡി.എഫ് കോവളം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കേന്ദ്രസർക്കാർ വിഹിതം കൃത്യമായി ലഭിച്ചാൽ കേരളത്തിലെ പദ്ധതികൾ മുന്നോട്ടുപോകും. ജില്ലയിൽ മത്സരിക്കുന്ന രണ്ട് കേന്ദ്രമന്ത്രിമാരും സംസ്ഥാന താത്പര്യത്തിനായി ശബ്ദമുയർത്തിയിട്ടില്ലെന്നും ശശിതരൂർ മണ്ഡലവികസനത്തിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ പി.എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡോ.എ.നീലലോഹിതദാസ്, സി.പി.എം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,ജമീലാ പ്രകാശം,പള്ളിച്ചൽ വിജയൻ,വെങ്ങാനൂർ ബ്രൈറ്റ്,റൂഫസ് ഡാനിയേൽ,വിഴിഞ്ഞം ജയകുമാർ,ഭഗത് റൂഫസ്,കോളിയൂർ സുരേഷ് എന്നിവർ പങ്കെടുത്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
പരണിയത്ത് നടന്ന കൺവെൻഷൻ ആർ.ജെ.ഡി നേതാവ് വിഴിഞ്ഞം ജയകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.എ.നീലലോഹിതദാസ്, ജമീലാ പ്രകാശം,കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ,കരുംകുളം അജിത്ത്,എൽ.റാണി,ഇ.കെന്നഡി,ജി.അനിൽകുമാർ,ടി.ഇന്ദിര,അനിൽകുമാർ എന്നിവർ സംസാരിച്ചു. യേശുരാജൻ അദ്ധ്യക്ഷത വഹിച്ചു.