
തിരഞ്ഞെടുപ്പില്ലാതെ ജനാധിപത്യമില്ല. എന്നാൽ ഇതേ തിരഞ്ഞെടുപ്പുകളുടെ ചെലവിന്റെ വ്യാപ്തിയിൽ നിന്നാണ് അഴിമതിയുടെ തുടക്കമെന്നാണ് രാഷ്ട്രീയ ഗവേഷകർ പൊതുവെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കാലങ്ങൾ പിന്നിടുന്തോറും തിരഞ്ഞെടുപ്പുകൾക്ക് ഭീമമായ ചെലവ് രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാർത്ഥികളുടെയും ഇലക്ഷൻ കമ്മിഷന്റെയും മറ്റും ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. വോട്ടർമാർക്ക് പണം നൽകി വരെ വോട്ടു പിടിക്കുന്ന പ്രവണതയും രാജ്യത്തിന്റെ പല ഭാഗത്തും നിലനിൽക്കുന്നുണ്ട്. ഇതൊന്നും ഒരു കണക്കിലും കാണിക്കാൻ പറ്റുന്നതല്ല. അതുപോലെ തന്നെ ഇലക്ഷൻ കമ്മിഷൻ നിഷ്കർഷിക്കുന്ന തുകയിൽ തിരഞ്ഞെടുപ്പു ചെലവ് നടത്താൻ കഴിയില്ല എന്നത് പരസ്യമായ രഹസ്യമാണ്.
വലിയ കെട്ടുത്സവത്തിന്റെ മാതൃകയിലാണ് തിരഞ്ഞെടുപ്പ് രീതികൾ എന്നത് ചെലവിന്റെ അളവ് പലമടങ്ങ് കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്. സംഭാവന പിരിച്ചാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ചെലവിനുള്ള തുക കണ്ടെത്തുന്നത്. പണക്കാരെയും ബിസിനസ്സുകാരെയും വമ്പൻ കമ്പനികളെയും മറ്റുമാണ് എല്ലാ കക്ഷികളും സമീപിക്കുന്നത്. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന് പറയുന്നതു പോലെ സംഭാവന നൽകുമ്പോൾത്തന്നെ വമ്പൻ ബിസിനസ്സുകാർ പലതും പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമായും അവരുടെ ബിസിനസ്സിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ അധികാരത്തിലെത്തുന്ന പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഉറപ്പാക്കാനാണ് അവർ കൂടുതൽ പണം നൽകുന്നത്. അതുപോലെ, തിരഞ്ഞെടുപ്പിന് ചെലവഴിക്കുന്ന പണം ചില രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും ഒരു നിക്ഷേപം കൂടിയാണ്. അതിന്റെ എത്രയോ ഇരട്ടി ഉണ്ടാക്കാനുള്ള ശ്രമങ്ങളും പിന്നീട് നടക്കാം.
നിലവിലെ തിരഞ്ഞെടുപ്പു സമ്പ്രദായത്തിലും ഘടനയിലും കാതലായ മാറ്റം വരാതെ ചെലവ് നിയന്ത്രിക്കാനാവില്ല. ചെലവ് കൂടി എന്നതിന്റെ പേരിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാനും കഴിയില്ല. അതിനാൽ ഏതെങ്കിലും രീതിയിൽ സംഭാവനകൾ രാഷ്ട്രീയകക്ഷികൾക്ക് പിരിച്ചേ മതിയാകൂ. ഇലക്ടറൽ ബോണ്ട് സമ്പ്രദായം നിലവിൽ വന്നത് 2017 മുതലാണ്. അതിനു മുമ്പും പാർട്ടികൾ സംഭാവന പിരിച്ചിരുന്നു. 20,000 രൂപയ്ക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ വിവരം അതത് രാഷ്ട്രീയകക്ഷികൾ ആദായ നികുതി വകുപ്പിന് നൽകുന്ന വാർഷിക കണക്കിൽ കാണിക്കണമെന്നായിരുന്നു നിയമം. ആദ്യ പൊതുതിരഞ്ഞെടുപ്പു നടന്ന 1952 മുതൽ 2017 വരെ പണമൊഴുകിയ വഴിയൊന്നും ആർക്കുമറയില്ല. ഇതിലധികവും കള്ളപ്പണമാണെന്നു തന്നെ കണക്കാക്കേണ്ടിവരും.
ഇതിനൊരു മാറ്റം വരുത്തി സംഭാവന വൈറ്റ് മണി ആക്കി മാറ്റാനാണ് ബി.ജെ.പി സർക്കാർ 2017-ൽ ബോണ്ട് സമ്പ്രദായം ഏർപ്പെടുത്തിയത്. അങ്ങനെ, നൽകുന്ന പണത്തിന് കണക്കുണ്ടായി. അത് വിനിമയ ഏജൻസിയായ എസ്.ബി.ഐയിലൂടെയേ നൽകാനാവൂ. കൃത്യമായി ആരൊക്കെ ആർക്കൊക്കെ നൽകിയെന്ന് അവർക്ക് അറിയാനാവും. എന്നാൽ അത് പുറത്ത് അറിയിക്കേണ്ടതില്ല എന്നാണ് സർക്കാർ നിയമം പാസാക്കിയത്. ഇത് സുതാര്യതയില്ലായ്മയാണെന്നു കണ്ട് സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് സമ്പ്രദായമേ റദ്ദാക്കി. പഴയ സംഭാവനാ രീതിയിലേക്കു തിരിച്ചുപോയാൽ കള്ളപ്പണത്തിന്റെ ഒഴുക്കായിരിക്കും ഫലം. അതുണ്ടാകരുത്. അതിനാൽ കുറ്റമറ്റ ഒരു പുതിയ രീതി പണം പിരിക്കാൻ ഏർപ്പെടുത്തപ്പെടേണ്ടതാണ്. പണം നൽകുന്നവർക്ക്, അത് അവർ ആർക്കു നൽകിയെന്ന് വെളിപ്പെടുത്താൻ ആഗ്രഹമില്ലെങ്കിൽ അതും സംരക്ഷിക്കപ്പെടേണ്ടതല്ലേ? ഇതെല്ലാം പരിഗണിക്കപ്പെടുന്ന ഒരു പുതിയ സമ്പ്രദായമാണ് ഇനി വരേണ്ടത്.