
വൈവിദ്ധ്യവും വൈപുല്യവുമാണ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ രചനാലോകം ഉണർത്തുന്ന പ്രഥമ വിസ്മയം. അത്യന്തം തിരക്കേറിയ ജീവിതരഥ്യയിൽ ഇത്ര സുദീർഘവും വ്യത്യസ്തവുമായ ഗ്രന്ഥരചനാ നൈരന്തര്യം നിലനിറുത്തുന്നതിലും ഒരു അപൂർവതയുണ്ട്
കഥയുടെ രാജശില്പിയായ ടി. പത്മനാഭൻ, അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ കഥകൾക്ക് ചാർത്തിക്കൊടുത്ത 'മികച്ച ഫാന്റസി" എന്ന പ്രകാശം പരത്തുന്ന പ്രയോഗത്തിന് അദ്ദേഹത്തിന്റെ ജീവിതത്തിനു തന്നെ അടിക്കുറിപ്പാകാൻ തക്ക അർത്ഥവ്യാപ്തിയുണ്ട്! അക്ഷരമുറയ്ക്കും മുമ്പേ ദിവാസ്വപ്നങ്ങളിൽ രമിച്ചിരുന്ന ബാല്യം. പത്രവായനയും എഴുത്തും ജീവിതയാത്രയിൽ എന്നും തണലിടങ്ങളായിരുന്നു. വായനയുടെ ലഹരി നുണഞ്ഞ് എഴുത്തിന്റെ ലഹരിയിലേക്ക് അത് പടർന്നുകയറി. അങ്ങനെ അക്ഷരങ്ങളുടെ ലോകം ആത്മാവിൽ പതിഞ്ഞു. ഏത് തിരക്കുകൾക്കിടയിലും തെല്ലിട ഈ സർഗാത്മകതയുടെ തീരമണയാൻശ്രീധരൻപിള്ളയുടെ മനസ് മോഹിച്ചിരിക്കണം. അങ്ങനെ പുസ്തകങ്ങളെ സ്നേഹിച്ചും എഴുത്തുകാരെ ആദരിച്ചും എഴുത്തിനെ ഉപാസിച്ചും ആ ജീവിതം മുന്നേറുകയായിരുന്നു.
വൈവിദ്ധ്യവും വൈപുല്യവുമാണ് ശ്രീധരൻ പിള്ളയുടെ രചനാലോകം ഉണർത്തുന്ന പ്രഥമ വിസ്മയം. അത്യന്തം തിരക്കേറിയ ജീവിതരഥ്യയിൽ ഇത്ര സുദീർഘവും വ്യത്യസ്തവുമായ ഗ്രന്ഥരചനാ നൈരന്തര്യം നിലനിറുത്തുന്നതിലും അപൂർവതയുണ്ട്. കഥ, കവിത, നർമ്മം, യാത്ര, നിയമം, പ്രഭാഷണം, തൂലികാചിത്രങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലായി 230-ലധികം കൃതികൾ! ഇംഗ്ളീഷിലും മലയാളത്തിലും അനായാസമായ പ്രസംഗ ചാതുരി പോലെ ഗ്രന്ഥരചനാ പാടവവും സംഗമിക്കുന്നു. സജീവമായ വിദ്യാർത്ഥി രാഷ്ട്രീയ കാലത്തുനിന്ന് അഭിഭാഷക വൃത്തിയിലേക്കും മുഴുവൻ സമയ രാഷ്ട്രീയ നേതൃത്വത്തിലേക്കും വേഷപ്പകർച്ച നേടുന്ന ശ്രീധരൻ പിള്ളയുടെ ജീവിതമാകെ ദൈവത്തിന്റെ പീലിസ്പർശം ഉണ്ടായിരുന്നു. ഞാണിന്മേൽ നടക്കുന്ന അഭ്യാസിയുടെ കൃത്യത അവിടെ ദർശിക്കാം. നീതിബോധവും ധാർമ്മികതയും എപ്പോഴും ഉണർന്നിരിപ്പുണ്ടായിരുന്നു. ഏതോ ഒരു മഹാമാന്ത്രികന്റെ തിരിയുഴിച്ചിലിന് വിധേയമെന്നോണം ആ ജീവിതം വിസ്മയകരമായി മാറുന്നതു കാണാം.
ഏറ്റവും തിരക്കുള്ള ഒന്നാംകിട അഭിഭാഷകൻ രാഷ്ട്രീയ നേതൃത്വത്തിൽ എത്തുന്നു. ക്രമേണ അവിടെ നിന്ന് നിനച്ചിരിക്കാതെ ഗവർണറാകുന്നു. ആരെയും എഴുത്തുകാരനാക്കാൻ പോന്ന വശ്യപ്രകൃതികൊണ്ട് സമ്പന്നമാണ് ഡോണ പൗളയിലെ ഗോവ രാജ്ഭവൻ, മൂന്നു വശവും കടൽ. ഗാഢഹരിതവന ചാരുതകൾ വാരിച്ചുറ്റിയ കടലോര കുന്നിൻപുറം. നങ്കൂരമിട്ട ഒരു കപ്പൽപോലെ രാജ് ഭവൻ. പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരുമൊക്കെ രൂപപ്പെടുത്തിയ ദാരുശില്പ ചാരുതയാർന്ന വാസ്തുവിസ്മയം. കാളിദാസന്റെ രാമഗിരിയിലെ യക്ഷനെപ്പോലെ ഫൈവ് സ്റ്റാർ തടവുപുള്ളിയായി കഴിയേണ്ടിവന്ന കൊറോണക്കാലത്തെക്കുറിച്ച് ലോക് ഡൗൺ കവിതകളുടെ ആമുഖത്തിൽ ആത്മനിരീക്ഷണം നടത്തുന്നുണ്ട്, ഗ്രന്ഥകാരൻ. അക്കാലത്തെ യാത്രാനിരോധം തന്റെ എഴുത്തിന് എപ്രകാരം അനുഗ്രഹമായെന്നും പറയുന്നുണ്ട്.
ഒരു ഇംഗ്ളീഷ് കവിതാസമാഹാരവും രണ്ട് മലയാള കവിതാസമാഹാരവുമുൾപ്പെടെ 24 പുസ്തകങ്ങളുടെ രചനകൾക്ക് വഴിമരുന്നിടാൻ അക്കാലത്തിന് കഴിഞ്ഞു. 'ആ വിരലുകൾ മറന്നോ" എന്ന ദീർഘമായൊരു കഥാകവിത ലോക്ക്ഡൗൺ കവിതകളിലുണ്ട്. ഷാജഹാന്റെ പുത്രനും ഉപനിഷത്തുകളുടെ പരിഭാഷകനുമായ ദാരാ ഷുക്കോവിനെക്കുറിച്ചാണീ കവിത. ബ്രഹ്മജ്ഞാനത്തിന്റെ സാഗരമാണ് ഉപനിഷത്തുകൾ എന്നു പറഞ്ഞതിനാൽ മതനിന്ദ ആരോപിച്ച് സഹോദരനായ ഔറംഗസീബ് വിചാരണ ചെയ്ത് ദാരാഷുക്കോവിന്റെ തലയറുത്ത് ഷാജഹാന് ജന്മദിനക്കാഴ്ചയായി സമർപ്പിച്ചു. കൊറോണ മരണനൃത്തമാടിയപ്പോൾ മനസിലെ ഭീതിയും വേദനയും ചേർന്ന് രൂപംകൊണ്ടവയാണ് ഈ രചനകൾ. നേദിച്ച നിഴലാട്ടങ്ങൾ തന്റെ ജീവിതത്തിൽ ഉടനീളമുണ്ടെന്നും കടുത്ത ആത്മീയതയുടെയും ദൃഢമായ ഭൗതികതയുടെയും രണ്ടറ്റങ്ങളിൽ ഒന്നിലും ഓരം ചേരാതെ മദ്ധ്യമാർഗ്ഗ പ്രയാണമാണ് തനിക്കിഷ്ടമെന്നും ഗ്രന്ഥകാരൻ.
കവിത തുടക്കമാണ്. തുടിപ്പാണ്, സായുജ്യമാണ് എന്ന് താൻ കരുതുന്നെന്ന് ശ്രീധരൻപിള്ള പറയുന്നു. 'ശവസംസ്കാരം" എന്നൊരു കവിതയിൽ കാലത്തെ അടയാളപ്പെടുത്തുന്ന ഈ വരികൾ കാണാം-മക്കളുടെ സൗകര്യം അറിഞ്ഞുവേണം ഉചിതമായ സമയം തിരഞ്ഞെടുക്കാൻ. മരണം ഉൾപ്പെടെ! ഒടുവിൽ അരികിൽ കൂട്ടിൽക്കിടന്ന് അസ്വസ്ഥമാകുന്ന വളർത്തുനായ മാത്രം! വിഭജനത്തെക്കുറിച്ച് ഈറനണിയുന്ന മിഴികൾ. എല്ലാവരുടേയുമായിരുന്നു കിണർ. വിഭജനം, വേർപിരിയലുകൾ- കിണറുകൾക്കും. നിറഞ്ഞ കിണർ, നിറയുന്ന കണ്ണുകൾ (ഒരു കുടുംബത്തിന്റെ)! ആർദ്രചിത്തനായ ഒരു കവിയും വസ്തുതകൾ നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന ഒരു ചിന്തകനും ശ്രീധരൻപിള്ളയിലുണ്ടെന്ന് എം.പി. വീരേന്ദ്രകുമാർ.
ഗോമന്തകത്തിന്റെ മനസ് ആദിമമായ വനശാന്തതയിലേക്ക് തിരിഞ്ഞുനടക്കുന്നത് 'തത്ത വരാതിരിക്കില്ല" എന്ന കഥയിൽ ചരിത്രത്തോട് ചേർത്തുനിറുത്തി അനുഭവങ്ങളുടെ ഓളപ്പരപ്പിലൂടെ നീന്തിത്തുടിച്ച് കഥാഖ്യാനത്തിന്റെ രഥ്യയിൽ ഗ്രന്ഥകാരൻ കന്നുകാലി വളർത്തലും മീൻ പിടിത്തവുമായി കഴിഞ്ഞ തദ്ദേശവാസികളുടെ ജീവിതം പറങ്കികളുടെ വരവോടെ ആടിയുലഞ്ഞു. പലരും മൃഗീയമായി കൊല്ലപ്പെട്ടു. മനുഷ്യരക്തം ഗോമന്തകത്തിന്റെ മണ്ണിനെ ചുവപ്പിച്ചു. അങ്ങനെ സംസ്കാരങ്ങൾ കൂടിക്കുഴഞ്ഞു. രക്തം കൂടിക്കലർന്നു. കഠിനാദ്ധ്വാനവും ഉത്സാഹവും നിറഞ്ഞ ആദിമ പ്രജ്ഞയിൽ ഉത്സവപ്രിയതയും സാഹസികതയും കുടിയേറി. ഒടുവിൽ ഗോമന്തകത്തിന്റെ ബന്ധുക്കൾ വന്ന് പറങ്കികളെ തുരത്തി. ഉത്സവപരത ഗോവൻ മണ്ണിൽ തങ്ങിനിന്നു.
കടന്നുപോരുന്ന കർമ്മക്ഷേത്രങ്ങളെ രചനകളിലേക്ക് ആവാഹിക്കുന്ന ഒരു എഴുത്തുവഴിയാണ് ശ്രീധരൻപിള്ളയുടേത്. പൊതുനിരത്തിലെ മാലിന്യം തൂത്തുവാരി വൃത്തിയാക്കുന്ന മിസോറാം ഗ്രാമീണർ. വഴിയോരക്കടകളിൽ വിലവിവരപ്പട്ടിക നോക്കി പണം പെട്ടിയിൽ ഇട്ട് സാധനങ്ങൾ സ്വയം തൂക്കിയെടുത്തു കൊണ്ടുപോകാം. ഉടമസ്ഥനോ വില്പനക്കാരനോ അവിടെ ഉണ്ടായെന്നു വരില്ല. വാഹനങ്ങൾ ഹോൺ മുഴക്കാതെ നിയമം പാലിച്ചു നീങ്ങുന്നു. തങ്ങളുടെ പരിമിതമായ വിഭവങ്ങളിൽ സന്തുഷ്ടി കാണുന്നവർ. ലോകത്ത് ഏറ്റവും സന്തുഷ്ടമായ ഒരു ജനത. ആത്മാവിൽ സമ്പന്നരായവർ. ഹൃദ്യസുഗന്ധങ്ങളുടെ ആത്മജാലകം തുറക്കുന്ന പൂഷായ്കുന്നിലെ ഇളം കാറ്റ് തന്നിലെ പേരറിയാ വിഷമങ്ങളുടെ ശമനൗഷധമാകുന്നുവെന്നും കഥാകാരൻ (തത്ത വരാതിരിക്കില്ല).
ബാല്യത്തിന്റെ കൗതുകങ്ങളും ഈ കഥയിൽ മിന്നിമറയുന്നതു കാണാം. തന്റെ വീട്ടിൽ ആനയുണ്ട് എന്നു പറഞ്ഞ് വലിയ ആളായി മാറിയ കൂട്ടുകാരനെ ഒതുക്കാൻ തന്റെ വീട്ടിൽ സിംഹവും പുലിയുമുണ്ട് എന്നു പറഞ്ഞ മറ്റൊരു കൂട്ടുകാരൻ. രണ്ടുപേരുടെയും ഇല്ലാക്കഥകളിൽ വിശ്വസിച്ച് അത്ഭുതത്തോടും അസൂയയോടും വീട്ടിന്റെ വേലിക്കൽ നിന്ന് എത്തിനോക്കുന്ന ബാല്യം. ഇവിടെയൊക്കെ നുണകൾ ഭാവനയുടെ ചിറകുകളിൽ പറന്നുയരുന്ന കൗതുകക്കാഴ്ചകൾ കാണാം. പത്രവായനയിൽ നിന്നാണ് വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് താൻ ആകർഷിക്കപ്പെട്ടതെന്ന് ശ്രീധരൻപിള്ള അനുസ്മരിക്കുന്നുണ്ട്. തിരക്കുള്ള ഔദ്യോഗിക ജീവിതത്തിനിടയിലും വായനയും എഴുത്തും സദാ സഹയാത്രികരായി കൂടെ കൂട്ടിയതിന്റെ സദ്ഫലമാണ് ഇരുനൂറ്റിമുപ്പതു കടക്കുന്ന ഗ്രന്ഥവിസ്മയം. ശരാശരി എഴുത്തുകാരനാണെന്ന് സ്വയം വിലയിരുത്തുന്ന ശ്രീധരൻപിള്ളയുടെ രചനാലോകം അങ്ങനെയല്ലെന്നാണ് വെളിപ്പെടുത്തുന്നത്.
'പി.എസ്. വെൺമണി" എന്ന പ്രാരംഭ എഴുത്തുകാരനിൽ നിന്ന് രാജ്ഭവനിലെ അക്ഷരപുരുഷനായി പെരുമപ്പെട്ട സവിശേഷമായ ഗ്രന്ഥരചനാ വൈവിദ്ധ്യവും വൈപുല്യവുമാണ് ഇന്ന് ശ്രീധരൻപിള്ളയെ വ്യത്യസ്തനാക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് തന്റെ സുരക്ഷയെക്കരുതി അതുവരെ എഴുതിയതൊക്കെ വീട്ടുകാർ കത്തിച്ചുകളഞ്ഞുവെന്നത് കഥയല്ലാക്കഥകളുടെ പിന്നാമ്പുറക്കഥകളിൽ വിവരിക്കുന്നുണ്ട്. ആ ചാരത്തിൽ ഫീനിക്സ് പക്ഷിയെപ്പോലെ അദ്ദേഹം ഉയിർത്തെഴുന്നേറ്റു. ടി. പത്മനാഭനും എം.ടിയും സി. രാധാകൃഷ്ണനുമൊക്കെ ശ്രീധരൻപിള്ളയുടെ രചനാലോകത്തിനു മുന്നിൽ വിസ്മയിച്ചു നിന്നവരിൽപ്പെടുന്നു. പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും മുതലിങ്ങോട്ടുള്ള വിശിഷ്ട വ്യക്തികളും ഈ നിരയിൽ കാണാം.
രാഷ്ട്രവും ജനങ്ങളും ഒന്നാമത്തേയും, മതവും രാഷ്ട്രീയവും അവസാനത്തേയും പരിഗണനയായിരിക്കും എന്നതാണ് എഴുത്തുമുറിയിലെ ഈ രാജ്യപാലകന്റെ നിലപാടുതറ. ഒന്നുകിൽ നിങ്ങൾ ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന പുസ്തകം രചിക്കുക, അല്ലെങ്കിൽ അവർക്ക് പ്രയോജനകരമാകുന്ന കാര്യങ്ങൾ ചെയ്യുക. ശ്രീധരൻപിള്ള ഇതു രണ്ടും ഭംഗിയായി ചെയ്യുന്നുവെന്ന് ബഞ്ചമിൻ പ്ളാങ്ക്ളിനെ ഉദ്ധരിച്ചുകൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതിനോട് ആർക്കും ചേർന്നുനില്ക്കാം.