governor

ചെന്നൈ: തെലങ്കാന ഗവർണർ, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവികൾ രാജിവച്ച തമിഴിസൈ സൗന്ദർരാജൻ ലോക്‌സഭാ സ്ഥാനാർത്ഥിയാകും. തമിഴിസൈയുടെ രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറി. മാർച്ച് 15ന് തെലങ്കാനയിലെത്തിയ പ്രധാമന്ത്രി നരേന്ദ്ര മോദി ഗജ്‌വേലിലെ റോ‌ഡ് ഷോ കഴിഞ്ഞ് രാജ്‌ഭവനിലെത്തിയിരുന്നു. തുടർന്നുള്ള കൂടിക്കാഴ്ചയിലാണ് രാജിവയ്‌ക്കാൻ തീരുമാനിച്ചതെന്നാണ് സൂചന.

കന്യാകുമാരി, ചെന്നൈ സൗത്ത്, തിരുനൽവേലി, പുതുച്ചേരി മണ്ഡലങ്ങളിലൊന്നിൽ തമിഴിസൈ മത്സരിക്കും. പുതുച്ചേരിയിൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന്റെ പേരും പരിഗണനയിലുണ്ട്. ഇത്തവണ ബി.ജെ.പിക്ക് മുന്നേറാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണിവ. അതേസമയം തമിഴ്നാട്ടിലെ ബി.ജെ.പി നേതൃത്വം തമിഴിസൈയോട് താത്പര്യമില്ല.

തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷയായിരുന്ന തമിഴിസൈ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഡി.എം.കെ നേതാവ് കനിമൊഴിയോട് തൂത്തുകുടിയിൽ 3.47 ലക്ഷം വോട്ടിനാണ് തോറ്റത്. 2019 സെപ്തംറിലാണ് തെലങ്കാന ഗവർണറായത്. കിരൺ ബേദിയെ നീക്കിയതിന് പിന്നാലെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെ ചുമതലയും നൽകി

 ഗവർണറാകാൻ പൊൻ രാധാകൃഷ്ണൻ

മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പൊൻ രാധാകൃഷ്ണനെ ഗവർണറാക്കാൻ ശുപാർശ ചെയ്തേക്കും. നേരത്തെ കന്യാകുമാരി എം.പിയായിരുന്ന പൊൻ രാധാകൃഷ്ണൻ ഇത്തവണ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. തമിഴിസൈ സൗന്ദർരാജൻ ഒഴി‌ഞ്ഞ സാഹചര്യത്തിൽ ഉടൻ ഗവണർ നിയമനങ്ങളുണ്ടാകും. ഗോവയിലോ തെലങ്കാനയിലോ ആയിരിക്കും പൊൻ രാധാകൃഷ്ണനെ പരിഗണിക്കുക.