
ആറ്റിങ്ങൽ:കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിന് മറുപടിയാവും പാർലമെന്റ് തിരഞ്ഞെടുപ്പെന്നും വാഗ്ദാനങ്ങൾ നിറവേറ്റിയ അടൂർ പ്രകാശിനെ ആറ്റിങ്ങൽ ജനത വീണ്ടും തിരഞ്ഞെടുക്കുമെന്നും വി.ഡി. സതീശൻ. അടൂർ പ്രകാശിന്റെ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പൗരത്വനിയമം ഫാസിസത്തിന്റെ പതിപ്പാണ്. സംസ്ഥാനത്ത് സി.പി.എം - ബി.ജെ.പി ധാരണയുടെ തെളിവാണ് ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജന്റെ ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചതെന്ന പ്രഖ്യാപനം. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ്ചന്ദ്രശേഖറെ അറിയില്ലെന്നുള്ള പ്രഖ്യാപനം തട്ടിപ്പാണ്. ലാവ്‌ലിൻ കേസ് 39 തവണ മാറ്റിവച്ചു, സ്വർണകള്ളക്കത്ത്, ലൈഫ് മിഷൻ കേസ്, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്, മാസപ്പടി വിവാദം തുടങ്ങിയ കേസിൽ ഇ.ഡി അന്വേഷണം എന്തായി. ഇതെല്ലാം കേന്ദ്ര സർക്കാരുമായുള്ള ധാരണയാണ്.
. രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി അധികാരത്തിലെത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കഴിഞ്ഞ പത്ത് കൊല്ലത്തെ ഭരണനേട്ടം പറയാൻ മോദിക്ക് കഴിയുന്നില്ല. പകരം മോദിയുടെ ഗ്യാരന്റി എന്നാണിപ്പോൾ പറയുന്നത്. മോദി ഭരണത്തിൽ വളർന്നത് അദാനിയാണ്. അദാനിയുടെ വരുമാനം ആയിരം ഇരട്ടിയായി വർദ്ധിക്കുകയായിരുന്നു. ബാങ്കുകൾക്ക് 16 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമുണ്ട്. ഇത് നികത്താൻ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
രാജ്യസഭാ എം.പി ജെബി മേത്തർ, പാലോട് രവി,ഷിബു ബേബിജോൺ,ഷംസുദ്ദീൻ എം.എൽ.എ, വി.എസ്. ശിവകുമാർ, സി.പി. ജോൺ,മുൻ സ്പീക്കർ എൻ. ശക്തൻ,പീതാംബര കുറുപ്പ്,കരകുളം കൃഷ്ണ പിള്ള ,വർക്കല കഹാർ,ജി. സുബോധൻ,വേണുഗോപാൽ,ഗായത്രി എസ്. നായർ,കെ. ഓമന,ആർ. ലക്ഷ്മി, ബീമാപ്പള്ളി റഷീദ്,ശരത്ചന്ദ്ര പ്രസാദ്,കൊട്ടാരക്കര പൊന്നച്ചൻ,കരുമം സുന്ദരേശൻ,എറവൂർ പ്രസന്ന കുമാർ,ഹരി തുടങ്ങിയ യു ഡി എഫിന്റെയും ഘടക കക്ഷികളുടെയും നേതാക്കൾ പങ്കെടുത്തു.