hi

കിളിമാനൂർ: കിളിമാനൂർ ടൗണിനെ കുന്നുമ്മലുമായി ബന്ധിപ്പിക്കുന്ന പഴയപാലം അപകട ഭീഷണിയാകുന്നു. സർവീസ് ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. സംസ്ഥാന പാതയിൽ പുതിയ പാലം നിർമ്മിച്ചെങ്കിലും കുന്നുമ്മൽ ഭാഗത്തേക്കുള്ള ഗതാഗത സൗകര്യത്തിനായി പഴയപാലം നിലനിറുത്തുകയായിരുന്നു. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാൻ തക്ക വീതി മാത്രമാണ് ഈ പാലത്തിനുള്ളത്. കൈവരിയായി കമ്പിവേലി മാത്രം. രണ്ടടി പോലുമില്ലാത്ത കമ്പിവേലി പലയിടത്തും ദ്രവിച്ച് ഇളകിയ നിലയിലാണ്. വേലിയെ മറച്ച് കാട്ടുചെടികളും വളർന്നുകഴിഞ്ഞു. വാഹനങ്ങൾ കടന്നുവരുമ്പോൾ വഴിയാത്രക്കാർ ഉയരം കുറഞ്ഞ കമ്പിവേലിക്കരികിലൂടെ ജീവൻ പണയം വച്ചാണ് കടന്നുപോകുന്നത്. പല തവണയായി നിരവധി പേർ മുപ്പതടിയോളം താഴ്ചയുള്ള ചിറ്റാറിലേക്ക് കാൽവഴുതി വീണിട്ടുണ്ട്. നാട്ടുകാരും പൊലീസുമൊക്കെ ചേർന്നാണ് ഇവരെ കരയ്ക്കെത്തിക്കുന്നത്. തടയണയിൽ പലപ്പോഴും വെള്ളം കുറവാകുന്നതിനാലാണ് പലരും രക്ഷപ്പെടുന്നത്.

 സംരക്ഷണഭിത്തി വേണം

പാലത്തിന് അമ്പത് മീറ്റർ മാത്രം അകലെയാണ് നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന കിളിമാനൂർ ഗവ. ടൗൺ യു.പി.എസ് സ്ഥിതി ചെയ്യുന്നത്. ഇതുവഴി കടന്നുവരുന്ന കുട്ടികൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്. അടിയന്തരമായി പാലത്തിന് ഇരുവശവും പടർന്ന് പന്തലിച്ച കാടുകൾ വെട്ടിനീക്കുകയും ഉയരമുള്ള സംരക്ഷണഭിത്തി നിർമ്മിക്കുകയും വേണം.

**പ്രതികരണം

അറുന്നൂറിലേറെ കുട്ടികൾ പഠിക്കുന്ന ടൗൺ യു.പി.എസിന് സമീപത്തായി സ്ഥിതിചെയ്യുന്ന പഴയപാലം അപകടാവസ്ഥയിലാണ്. പാലത്തിന്റെ കൈവരികൾക്ക് ഉയരം ഇല്ലാത്തതും പാലത്തിന്റെ ഇരുവശവും കാട്ടുചെടികൾ വളർന്ന് നിൽക്കുന്നതും കുട്ടികൾക്ക് അപകടമാണ്. അടിയന്തരമായി ഇതിന് പരിഹാരം കാണണം

(അഡ്വ. യു.എസ്. സുജിത്ത്, പൊതുപ്രവർത്തകൻ).