തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽ.ഡി.എഫും യു.ഡി.എഫും വികസന ചർച്ചകളിൽ നിന്നും ഒളിച്ചോടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. അനാവശ്യ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള പിണറായി വിജയന്റെ ശ്രമങ്ങളെ വി.ഡി.സതീശൻ പിന്തുണയ്ക്കുകയാണ്. നരേന്ദ്രമോദി സർക്കാർ 10 വർഷം രാജ്യത്തും കേരളത്തിലും നടപ്പിലാക്കിയ വികസന പദ്ധതികളാണ് എൻ.ഡി.എ ഉയർത്തുന്നത്. വിവേചനമില്ലാതെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ മോദി കേരളീയർക്ക് എത്തിച്ചു. എന്നാൽ ദേശീയതലത്തിൽ 'ഇന്ത്യ" മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സി.പി.എമ്മും കോൺഗ്രസും ഇവിടെ വ്യാജ ഏറ്റുമുട്ടൽ നടത്തുന്നു. കേന്ദ്രസർക്കാർ ഭരണം ചർച്ചയാകാൻ ആഗ്രഹിക്കാത്ത പ്രതിപക്ഷം വർഗീയത ആളിക്കത്തിച്ച് ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.