
വർക്കല: തിരക്കേറിയ കാപ്പിൽ തീരദേശറോഡിലെ എസ്.എൻ.ഡി.പി ജംഗ്ഷനിലെ വളവ് അപകടമേഖലയായി മാറുന്നു. ആഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങളാണിവിടെ നടക്കുന്നത്.മൂന്ന് ഇടറോഡുകൾ കൂടിച്ചേരുന്ന എസ്.എൻ.ഡി.പി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താതായിച്ച് മാസങ്ങളേറെയായി. രാത്രികാലങ്ങളിലാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. വളവിലെ ലൈറ്റിന്റെ അഭാവം കാരണം എതിരെവരുന്ന വാഹനങ്ങൾ ശ്രദ്ധയിൽ പെടാറില്ല. ഇരുചക്രവാഹനങ്ങളിൽ അമിതവേഗതയിൽ സഞ്ചരിക്കുന്ന യുവാക്കളും അപകടഭീതി സൃഷ്ടിക്കുന്നു. അവധിദിവസങ്ങളിൽ വിനോദസഞ്ചാരമേഖലയായ കാപ്പിലിലേക്ക് നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. അന്യസംസ്ഥാനവാഹനങ്ങളുമുണ്ട്.വാഹനാപകടത്തിൽ പ്രദേശത്ത് സ്ഥാപിച്ചിരുന്ന അപകട മുന്നറിയിപ്പ് ബോർഡ് പൂർണമായും തകർന്നിരുന്നു. ഇത് നാളിതുവരെയും പുനസ്ഥാപിച്ചിട്ടില്ല. സമീപത്തെ സ്വകാര്യവ്യക്തിയുടെ മതിൽ നിരവധി തവണയാണ് വാഹനങ്ങൾ നിയന്ത്രണം വിട്ട് ഇടിച്ചു തകർത്തിട്ടുളളത്. അപകടങ്ങൾ സ്ഥിരമായിട്ടും ഹംബ് സ്ഥാപിക്കുന്നതുൾപ്പെടെയുളള സുരക്ഷാക്രമീകരണങ്ങൾ ഒന്നുംതന്നെയില്ല.
വെളിച്ചമില്ലായ്മ പരിഹരിക്കണം
തീരദേശപാതയിൽ നിന്നും മൂലക്കടയിലേക്കുളള റോഡും കാപ്പിൽ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്കുള്ള ഇടറോഡും കാപ്പിൽ ദേവീക്ഷേത്രത്തിലേക്കുളള പൊതുവഴിയും എസ്.എൻ.ഡി.പി ജംഗ്ഷനിലാണ് സന്ധിക്കുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുളള ഹൈമാസ്റ്റ് ലൈറ്റ് കത്താതായതിനെ തുടർന്ന് പ്രദേശത്തെ കലാസാംസ്കാരിക സംഘടന പണം മുടക്കി ലൈറ്റുകൾ റിപ്പയർചെയ്ത സാഹചര്യവുമുണ്ട്.
ഈ പ്രദേശത്ത് വെളിച്ചമില്ലാതായതോടെ അപകടങ്ങളും പതിവാണ്.
അധികൃതർക്കില്ലാത്ത കരുതലാണ് നാട്ടുകാർക്ക്
അപകടവും വെളിച്ചമില്ലായ്മയും കാരണം കാപ്പിൽ ടെമ്പിൾ ഫുട്ബാൾ അസോസിയേഷൻ മുൻകൈയെടുത്താണ് ജംഗ്ഷനിൽ കുറച്ചുഭാഗത്തെങ്കിലും വെളിച്ചമെത്തിക്കുന്നത്. അടിയന്തരമായി വെളിച്ചമില്ലായ്മക്ക് പരിഹാരം കുണുന്നതിന് ഹൈമാസ്റ്റ് ഉൾപ്പെടെയുളള തെരുവ് വിളക്കുകൾ കത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.