തിരുവനന്തപുരം: മലയാള ഭാഷയ്ക്ക് കിട്ടിയ വലിയ അംഗീകാരമായാണ് 'രൗദ്രസാത്വികം' എന്ന തന്റെ കൃതിക്ക് ലഭിച്ച സരസ്വതി സമ്മാൻ പുരസ്കാരത്തെ കാണുന്നതെന്ന് കവി പ്രഭാവർമ്മ. ഇംഗ്ളീഷ് ഉൾപ്പെടെ അംഗീകരിക്കപ്പെട്ട 24 ഭാഷകളിലെ ജീവചരിത്രം ഉൾപ്പെടെ വിവിധ സാഹിത്യ രൂപങ്ങളിൽ നിന്ന് കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ ഉണ്ടായിട്ടുള്ള മികച്ച കൃതി എന്ന നിലയ്ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പുരസ്കാരത്തിന്റെ മഹത്വം വളരെ വലുതാണെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.
1991ൽ ഹരിവംശറായ് ബച്ചനെപ്പോലെയുള്ള ഒരു ശ്രേഷ്ഠ സാഹിത്യകാരനിൽ തുടങ്ങിയ പുരസ്കാരത്തിന് അർഹരായ പ്രഗത്ഭരുടെ നിരയിലെ എളിയ കണ്ണിയാവാൻ സാധിച്ചത് ഏറെ ചാരിതാർത്ഥ്യം നൽകുന്നതാണ്. കാവ്യ രചനാ സഞ്ചാരത്തിൽ താൻ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് ദേശീയതലത്തിൽ ഉന്നതമായ ഈ പുരസ്കാരം ലഭിക്കുന്നതെന്നത് സന്തോഷത്തിന്റെ പൊലിമ കൂട്ടുന്നു. ഒരു വ്യാഴവട്ടത്തിന് ശേഷമാണ് മലയാളത്തിലേക്ക് ഈ പുരസ്കാരം എത്തുന്നത്.
ഇതുവരെയുള്ള തന്റെ കാവ്യരചന പാഴായിപ്പോയില്ല എന്ന് ആരോ മന്ത്രിക്കും പോലെ തോന്നുകയാണ്. ജീവിതത്തിൽ ഇതുവരെയുള്ള കർമ്മമേഖലയിൽ പ്രഥമപരിഗണന കവിതയ്ക്ക് തന്നെയാണ് നൽകിയിട്ടുള്ളത്. ആ കവിത എന്നെയും ശ്രദ്ധിച്ചു, എനിക്ക് ഒപ്പം നിന്നു എന്നതിനുള്ള വലിയ ദൃഷ്ടാന്തമാണ് ഈ അംഗീകാരം.
അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ ഉന്നത സാഹിത്യ പുരസ്കാരങ്ങളിലൊന്നായ സരസ്വതി സമ്മാൻ ലഭിച്ച പ്രഭാവർമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. നീണ്ട 12 വർഷങ്ങൾക്കു ശേഷമാണ് മലയാള സാഹിത്യത്തെ തേടി ഈ അംഗീകാരമെത്തുന്നത്. മലയാള സാഹിത്യത്തിന് ഇനിയുമേറെ സംഭാവനകൾ നൽകാൻ പ്രഭാവർമ്മയ്ക്ക് സാധിക്കട്ടേയെന്നും അദ്ദേഹത്തിന്റെ കാവ്യജീവിതം കൂടുതൽ തിളക്കത്തോടെ ജ്വലിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.