air

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ പറക്കൽ പരിശീലനം നടത്തുന്ന പൈലറ്റ് ട്രെയിനികൾക്ക് ഭീഷണിയായി പക്ഷികൾ.സംസ്ഥാനത്തെ ഏക പൈലറ്റ് പരിശീലന കേന്ദ്രമായ രാജീവ്ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജി ഫ്ളൈയിംഗ് അക്കാഡമിയിലെ പൈലറ്റ് ട്രെയിനികൾക്ക് വിമാനത്താവളത്തിലാണ് പരിശീലനം നൽകുന്നത്. റൺവേയിൽ യാത്രാവിമാനങ്ങൾ എത്താത്ത സമയമാണ് ട്രെയിനുകൾക്കുള്ള പരീശിലനത്തിന് അനുവദിച്ചിരിക്കുന്നത്. നിലവിൽ അക്കാഡമിയുടെ കീഴിലുള്ള സെസ്ന വിമാനങ്ങളും ഇരട്ട എൻജിനുള്ള പൈപ്പർ പി.എ34 വിമാനങ്ങളിലുമാണ് പരിശീലനം നൽകുന്നത്. പരിശീലനപ്പപറക്കലിനും ലാൻഡിംഗ് സമയത്തുമാണ് വിമാനങ്ങൾക്ക് നേരെ പക്ഷികൾ കൂട്ടത്തോടെയെത്തുന്നത്. പക്ഷികൾ ഇടിച്ചാൽ വിമാനം അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്.

പക്ഷിയിടി തടയാൻ നടപടിയില്ല

വിമാനത്തിൽ പക്ഷികൾ ഇടിക്കുന്നത് തടയാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്ന് അക്കാഡമി അധികൃതർ സർക്കാരിനെയും നഗരസഭയെയും പലതവണ അറിയിച്ചെങ്കിലും നടപടികളില്ല. 'ബേർഡ് കെയേഴ്സ്' എന്ന പേരിൽ കരാറുകാരെ നിയമിച്ച് യാത്രാവിമാനങ്ങൾ എത്തുന്ന സമയത്ത് ഒരു പരിധിവരെ പക്ഷികളെ തുരത്താറുണ്ടെങ്കിലും പരിശീലന വിമാനങ്ങൾ പറക്കുന്ന സമയത്ത് ഇവരുടെ സേവനം വേണ്ടത്രയുണ്ടാകാറില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്നെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചിരുന്നു. ലക്ഷങ്ങൾ മുടക്കി പരിശീലനത്തിനെത്തുന്ന ട്രെയിനികൾക്ക് പക്ഷിശല്യം കാരണം വേണ്ടവിധം പരിശീലനം നടത്താൻ പലപ്പോഴും കഴിയാത്ത സ്ഥിതിയാണ്. മൂന്ന് വർഷമാണ് പൈലറ്റ് പരിശീലന പഠന കാലാവധി. രണ്ടുവർഷം കഴിയുമ്പോൾ പ്രൈവറ്റ് പൈലറ്റ് ലൈസൻസും തുടർന്ന് കൊമേഴ്സ്യൽ ലൈസൻസും നൽകും.അഞ്ച് ഘട്ടങ്ങളിലായി 200 മണിക്കൂർ പറന്നുള്ള പരിചയം നേടിയാലേ പൈലറ്റ് ലൈസൻസ് ലഭിക്കൂ. 30 ലക്ഷം രൂപയാണ് ആകെ ഫീസ്.