general

തിരുവനന്തപുരത്ത് നടപ്പാക്കാൻ പോകുന്ന ഓരോ പദ്ധതികളെക്കുറിച്ചും വോട്ടർമാരോട് ആവർത്തിച്ച് രാജീവ് ചന്ദ്രശേഖർ. വാശിയേറിയ പ്രചാരണത്തിന് തുടക്കമിട്ട് തിരുവനന്തപുരം പാർലമെന്റിൽ സീറ്റ് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് ബി.ജെ.പി നേതൃത്വം. വെള്ളായണിയിൽ പര്യടനം നടത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് താമരമാലകൾ കൊണ്ട് പ്രവർത്തകരും വോട്ടർമാരും സ്വീകരണം നൽകി. തിരുവനന്തപുരത്തെ സമഗ്രപുരോഗതിക്ക് വിശ്രമമില്ലാതെ പ്രവർത്തിക്കാൻ ഊർജ്ജം തരണേയെന്ന് ദേവിയോട് പ്രാർത്ഥന ചൊല്ലുന്ന വാചകവും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വെള്ളായണി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഇന്നലെത്തെ പര്യടനം ആരംഭിച്ചത്. തുടർന്ന് പ്രദേശത്തെ വീടുകളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. മുതിർന്ന പ്രവർത്തകരുടെ വീടുകളും അദ്ദേഹം സന്ദർശിച്ചു. കുടുംബസദസുകളിലും പങ്കെടുത്തു. മണ്ഡലം ഭാരവാഹികളും ബൂത്ത് പ്രവർത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബി.ജെ.പി കോവളം മണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയം ബാലരാമപുരത്ത് ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.എൻ.ഡി.എ നേതാക്കളായ വെങ്ങാനൂർ സതീഷ്,​സുനീഷ്.എസ്,​സുരേഷ്,​പൂഴിക്കുന്ന് ശ്രീകുമാർ,​ജില്ലാ മീഡിയാസെൽ കൺവീനർ സമ്പത്ത്,​വേങ്ങന്നൂർ ഗോപകുമാർ,​പുന്നക്കാട് ബിജു,​ ബാലരാമപുരം വിനു,​റെജു,​സുരേഷ്,​മനുജ സന്തോഷ്,​ശ്രീകണ്ഠൻ,​സനൽകുമാർ,​ദീപു എരുത്താവൂർ തുടങ്ങിയവർ സംബന്ധിച്ചു.

കൺവെൻഷൻ യോഗങ്ങളുമായി എൽ.ഡി.എഫ്

മേഖല കൺവെൻഷനുകൾ സജീവമാക്കി പ്രചാരണത്തിന് കൂടുതൽ ആവേശം പകരുകയാണ് എൽ.ഡി.എഫ്. കുശലം പറഞ്ഞും സൗഹൃദം പങ്കിട്ടും യുവാക്കളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചാണ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പര്യടനം. വ്യക്തിഗത വിവരങ്ങൾ ചോദിച്ചറിഞ്ഞ് വേണ്ട മാർഗനിർദേശങ്ങൾ നൽകിയാണ് പന്ന്യൻ രവീന്ദ്രന്റെ വോട്ടഭ്യർത്ഥന. പനങ്ങോട് മേഖല കൺവെൻഷൻ തിയേറ്റർ ജംഗ്ഷനിൽ സി.പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്.ഹരികുമാർ ഉദ്ഘാടനം ചെയ്തു.സി.കെ.സിന്ധുരാജൻ,എസ്.രാധാകൃഷ്ണൻ നായർ,മുട്ടയ്ക്കാട് വേണുഗോപാൽ,കോളിയൂർ സുരേഷ്,മുട്ടയ്ക്കാട് ശ്രീകുമാർ,രഘുനാഥ്,വിഴിഞ്ഞം ജയകുമാർ എന്നിവർ സംസാരിച്ചു.കെ.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.വിനായകൻ നായർ സ്വാഗതം പറഞ്ഞു.എൽ.ഡി.എഫ് മുല്ലൂർ മേഖല കൺവെൻഷൻ എൻ.സി.പി സംസ്ഥാന സെക്രട്ടറി പാറശാല വിജയൻ ഉദ്ഘാടനം ചെയ്തു.തെന്നൂർക്കോണം ബാബു,കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ,കോളിയൂർ സുരേഷ് എന്നിവർ പങ്കെടുത്തു.കെ.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.സി.കെ.ബാബു സ്വാഗതം പറഞ്ഞു.എൽ.ഡി.എഫ് ബാലരാമപുരം നോർത്ത് മേഖല കൺവെൻഷൻ ജോസ്‌പ്രകാശ് ഉദ്ഘാടനം ചെയ്തു. സാദിക് അലി അദ്ധ്യക്ഷത വഹിച്ചു. മഹേഷ് അഴകി സ്വാഗതം പറഞ്ഞു. പള്ളിച്ചൽ വിജയൻ,എ.പ്രതാപചന്ദ്രൻ,കരുംകുളം വിജയകുമാർ,മുരളീധരൻ നായർ,കെ.ഹരിഹരൻ എന്നിവർ സംസാരിച്ചു.

കേന്ദ്രത്തിനെതിരെ കോൺഗ്രസ്

പാർലമെന്റിൽ എം.പിമാർക്ക് മിണ്ടാൻ അവകാശമില്ല.മിണ്ടിയാൽ സസ്‌പെൻഷൻ എന്ന ഉച്ചക്കടയിൽ വി.എം.സുധീരൻ നടത്തിയ ആവേശപ്രസംഗത്തിന്റെ ചുവടുപിടിച്ചാണ് യു.ഡി.എഫ് പ്രചാരണത്തിന് ചൂടേകുന്നത്. മാനവമൂല്യങ്ങളും ഇന്ത്യൻ മതേതരത്വവും തകർത്ത് ജനാധിപത്യ ധ്യംസനം നടത്തിയാണ് കേന്ദ്രസർക്കാരുകൾ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നെന്നാണ് വി.എം.സുധീരന്റെ മറുപടി.പൗരത്വഭേദഗതിയിലൂടെ മനുഷ്യന്റെ പൗരാവകാശവും ചോദ്യം ചെയ്യപ്പെടുകയാണെന്നും ഇന്ത്യ കടന്നുപോകുന്നത് അതിനിർണായക കാലഘട്ടത്തിലൂടെയാണെന്നുമാണ് മുൻ കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട്.യു.ഡി.എഫ് ബാലരാമപുരം സൗത്ത് മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ വൈകിട്ട് 5ന് ബാലരാമപുരം തെക്കേക്കുളം കൽപ്പടി ഹാളിൽ നടക്കും.അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.