കുടിവെള്ള ടാങ്ക് സ്ഥാപിക്കാൻ നഗരസഭ
തിരുവനന്തപുരം: വേനൽ കടുത്തതോടെ നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കിണറുകളിലെ ജലനിരപ്പുൾപ്പെടെ താഴ്ന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. കനത്ത ചൂടിൽ കരമന,കിള്ളിയാർ തുടങ്ങിയ നദികളിലുൾപ്പെടെ ജലനിരപ്പ് താഴ്ന്നു.ഈ രീതിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ കുടിവെള്ളം പൂർണമായും ലഭിക്കാത്ത സ്ഥിതി വരും.
കഴക്കൂട്ടം,ചന്തവിള മേഖലകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായുള്ളത്.ഈ പ്രദേശത്തെ തന്നെ പുല്ലുകാട്, മൺവിള, അരശുംമൂട്, തൃപ്പാദപുരം, കുളത്തൂർ, ആറ്റിപ്ര, തമ്പുരാൻമുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് കടുത്ത ബുദ്ധിമുട്ടുള്ളത്. മുൻപ് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാത്രി വെള്ളം കിട്ടിയിരുന്നുവെങ്കിൽ ഇപ്പോൾ പല സ്ഥലങ്ങളിലും പൂർണമായി ജല വിതരണം നിലച്ചു.ഇതുകൂടാതെ മണ്ണന്തല,ശ്രീകാര്യ മേഖലകളിലും കുടിവെള്ള ക്ഷാമമുണ്ട്.
ജനങ്ങൾ പറയുന്നു
പൈപ്പ് പൊട്ടിക്കരുതേ.............
രൂക്ഷമായ ജലക്ഷാമത്തിൽ വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുഴികളെടുക്കുമ്പോൾ പലയിടങ്ങളിലും കുടിവെള്ള പൈപ്പ് പൊട്ടാറുണ്ട്.ഇത് ശരിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുന്നതും ജനങ്ങളെ ആകെ വലയ്ക്കുന്നുണ്ട്.ഇനിയും പൈപ്പ് പൊട്ടിക്കരുതേയെന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്.
സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള റോഡ് നിർമ്മാണങ്ങൾക്കിടയിൽ ജലവിതരണ പൈപ്പുകൾ പൊട്ടി വിതരണം തടസപ്പെടുന്നത് പതിവാണ്. പൈപ്പ് പൊട്ടൽ ശരിയാക്കിയാലും പലയിടത്തും അർദ്ധരാത്രിയും പുലർച്ചെയും മാത്രമാണ് വെള്ളമെത്തുന്നത്. ഉയർന്ന പ്രദേശങ്ങളിലാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.
രാത്രി മാത്രമാണ് ഈ ഭാഗങ്ങളിൽ വെള്ളമെത്തുന്നത്. പേരൂർക്കട,വഴയില,കുടപ്പനക്കുന്ന്,മണ്ണന്തല,പാപ്പനംകോട്,കരമന,പൂജപ്പുര,മണക്കാട്,കമലേശ്വരം,കുര്യാത്തി,പൂന്തുറ,ബീമാപള്ളി,ഫോർട്ട്,തിരുമല,വട്ടിയൂർക്കാവ്,ശ്രീകാര്യം,പോങ്ങൂംമൂട്,അമ്പലമുക്ക്,പി.ടി.പി നഗർ,ശാസ്തമംഗലം,മരുതംകുഴി,കേശവദാസപുരം,ഉള്ളൂർ,നാലാഞ്ചിറ,വഴുതക്കാട്,ജനറൽ ആശുപത്രി ജംഗ്ഷൻ,വഞ്ചിയൂർ,പാറ്റൂർ,പേട്ട,ചാല, വട്ടിയൂർക്കാവ്,പൂജപ്പുര,തിരുമല,കരമന,മണക്കാട്, ശാസ്തമംഗലം,കേശവദാസപുരം,പേരൂർക്കട,കുടപ്പനക്കുന്ന്,മണ്ണന്തല,ശ്രീകാര്യം,ഉള്ളൂർ,മെഡിക്കൽ കോളേജ് ഭാഗങ്ങളിലും ജലവിതരണം ഇക്കാരണത്തിൽ തടസപ്പെടുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.പൈപ്പ് പൊട്ടാതെ ജോലികൾ ചെയ്യണമെന്ന് വകുപ്പ് മേധാവികൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
ടാങ്ക് സ്ഥാപിക്കാൻ നഗരസഭ
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കഴക്കൂട്ടം,ചന്തവിള ഭാഗങ്ങളിൽ താത്കാലിക കുടിവെള്ള ടാങ്ക് സ്ഥാപിക്കാനാണ് നഗരസഭയുടെ തീരുമാനം.ഇന്നലെ മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ആദ്യ ഘട്ടത്തിൽ ഏറ്റവും രൂക്ഷമായ ഈ പ്രദേശത്തെ 11 ഇടങ്ങളിൽ ടാങ്ക് സ്ഥാപിക്കും.5000,3000 ലിറ്ററിന്റെ ടാങ്കുകളാണ് സ്ഥാപിക്കുന്നത്.ഇടവിട്ട ദിവസങ്ങളിൽ രണ്ടുനേരം നഗരസഭ വെള്ളം നിറയ്ക്കും.കുടിവെള്ളത്തിന്റെ ഓൺലൈൻ,സംവിധാനത്തിലോടുന്ന ലോറികൾ നഗരസഭ സ്വന്തം നിലയ്ക്ക് എടുത്താണ് ജലവിതരണം നടത്തുന്നത്.നഗരത്തിൽ ജലക്ഷാമം രൂക്ഷമായ മറ്റിടങ്ങളിലും ടാങ്കർ ലോറികളിൽ വെള്ളമടിക്കുന്നതിന് പുറമേ ടാങ്കുകൾ സ്ഥാപിക്കാനും നീക്കമുണ്ട്.