
തിരുവനന്തപുരം : ചാല കൊത്തുവാൾത്തെരുവിലെ തീപിടിത്തത്തിൽ നശിച്ച ആയുർവേദ ഗോഡൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ സന്ദർശിച്ചു.ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ മറ്റു നേതാക്കളായ വൈ.വിജയൻ,ധനീഷ് ചന്ദ്രൻ,കാലടി അജി,കല്ലയം ശ്രീകുമാർ, കരമന മുസ്ലിം ജമാഅത്ത് പരിപാലന സമിതി മുൻ അംഗം പാപ്പനംകോട് അൻസാരി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. കൊത്തുവാൾത്തെരുവ് ഫെഡറൽ ബാങ്കിന് സമീപം സുനിൽ കുമാർ നടത്തിവരുന്ന പാർവതി ട്രേഡേഴ്‌സ് ഗോഡൗണാണ് ശനിയാഴ്ച പുലർച്ചെ ഒന്നിനുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത്.തീ കണ്ട് അടുത്തുള്ള വീട്ടുകാർ ഫയർഫോഴ്‌സിനെ വിളിച്ചതിനെ തുടർന്ന് ചെങ്കൽചൂളയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി ഒരുമണിക്കൂറെടുത്താണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അങ്ങാടി മരുന്നുകളും പൂജ സാധനങ്ങളുമുൾപ്പെടെ ഗോഡൗണിലുണ്ടായിരുന്നു.ഏകദേശം 60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.