തിരുവനന്തപുരം: തീയിൽ കുരുത്ത തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ മൂന്നു മുന്നണി സ്ഥാനാർത്ഥികളും വെയിലിൽ വാടാൻ തയ്യാറല്ല. തരൂരും പന്ന്യനും രാജീവ് ചന്ദ്രശേഖറും പകലന്തിയോളം വോട്ടമാർക്കിടയിലാണ്. ഒരു മാസത്തിലേറെ ഇനിയും ഓടാനുള്ളതിനാൽ ആരോഗ്യ കാര്യത്തിൽ സ്ഥാനാർത്ഥികൾ പൊടിക്ക് ജാഗരൂഗരാണ്. ഇടവേളകളിൽ ശീതള പാനീയങ്ങൾ കുടിക്കാനും ഭക്ഷണക്രമത്തിലും അവർ മാറ്റങ്ങൾ വരുത്തി.
തരൂരിന് ചായ വിട്ടൊരു കളിയില്ല
എത്ര ചൂടായാലും രാവിലെ ഒരു കപ്പ് ചൂടുചായ കുടിച്ചുകൊണ്ടാണ് ശശി തരൂർ പ്രചാരണം ആരംഭിക്കുന്നത്. എവിടെയെത്തിയാലും ചായ ഉണ്ടാവും. ആസ്വദിച്ച് കുടിക്കാൻ തനിക്ക് ഇഷ്ടമെന്നാണ് ചായപ്രേമിയായ തരൂരിന്റെ പക്ഷം. ഇടയ്ക്ക് ചെറു ചൂടുള്ളവെള്ളം കുടിക്കും. ചൂടായതിനാൽ മോരും കരിക്കിൻ വെള്ളവും ഇഷ്ടമാണ്. പരമാവധി ശീതള പാനീയങ്ങൾ ഒഴിവാക്കും. ഇഡ്ഢലിയും ചായയും തരൂരുമായി അഭേദ്യമായ ബന്ധമുണ്ട്.
കരിക്കും കട്ടനും പന്ന്യനിഷ്ടം
ചായയെക്കാൾ പ്രിയം കട്ടനാണ്. തന്റെ ഊർജ്ജം അതിലാണെന്ന് പന്ന്യൻ പറയാറുണ്ട്. ചൂടായാലും തണുപ്പായാലും ചിന്തകൾക്ക് ചൂടുപിടിക്കാൻ കട്ടൻ തന്നെ വേണം. നാരങ്ങ ചേർത്ത ചായ (ലൈം ടീ) കിട്ടിയാൽ വിടില്ല. മൂന്നെണ്ണമെങ്കിലും ദിവസം അകത്താക്കും. ചൂടുവെള്ളം കുപ്പിയിലാക്കി വണ്ടിയിൽ കരുതിയിട്ടുണ്ട്. ഇടയ്ക്ക് സഖാക്കളുടെ സ്‌നേഹം കരിക്കിലൂടെ വരും. അതും മൊത്തിക്കുടിച്ച് മുന്നോട്ട്.
സോഡാനാരങ്ങയിൽ തണുക്കുന്ന രാജീവ്
കൊടും ചൂടിൽ എവിടെയാണെങ്കിലും സോഡയൊഴിച്ചൊരു നാരങ്ങാവെള്ളം. അതാണ് രാജീവ് ചന്ദ്രശേഖറിന്റെ തണുപ്പിക്കൽ തന്ത്രം. മണിക്കൂറിൽ രണ്ടെണ്ണം കിട്ടിയാൽ സന്തോഷം. തിരഞ്ഞെടുപ്പ് ചൂടിലാണെങ്കിലും ഉള്ള് തണുക്കണമല്ലോ. അതിനായി ഓറഞ്ചും ചെറുപഴവും കൈയിലുണ്ടാകും. പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് പദ്ധതി. അവർ നൽകുന്നതെന്തും കഴിക്കും. നിർബന്ധങ്ങളില്ല. അധികം വിയർത്താൽ മാറാൻ ഒരു ജോഡി വസ്ത്രം കൂടി വണ്ടിയിൽ കരുതിയിട്ടുണ്ട്. ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് മാത്രം.