തിരുവനന്തപുരം: സാഹിത്യരംഗത്ത് താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം കെ. ബാലകൃഷ്ണനാണെന്നും മരണം വരെ അദ്ദേഹത്തോട് കടപ്പാടുണ്ടെന്നും കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. സി. കേശവൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച കൗമുദി ബാലകൃഷ്ണൻ ജന്മശതാബ്ദി സമ്മേളനം പ്രസ്ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗമുദി വാരികയിലൂടെ നൂതനമായ ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. അക്കാലത്തെ എഴുത്തുകാർക്കെല്ലാം വഴിത്തിരിവായത് കൗമുദിയിലൂടെ കെ. ബാലകൃഷ്ണൻ നൽകിയ പ്രോത്സാഹനമാണ്. പ്രഭാഷകൻ, എഴുത്തുകാരൻ, പത്രാധിപർ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം തികഞ്ഞ വ്യക്തിത്വമായിരുന്നു കെ.ബാലകൃഷ്ണൻ. അസാമാന്യമായ ആത്മശക്തിയും അപൂർവമായ പ്രതിഭയും ഒത്തുചേർന്ന ശക്തികേന്ദ്രമായിരുന്നു അദ്ദേഹം. സത്യനെയും പ്രേംനസീറിനെയും ആദ്യമായി സിനിമയിൽ അഭിനയിപ്പിച്ചത് കെ. ബാലകൃഷ്ണനാണ്. അദ്ദേഹം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ത്യാഗസീമയെന്ന ആ ചിത്രം അവസാനഘട്ടത്തിലെത്തിയപ്പോൾ സ്റ്റുഡിയോ ആരോ തീയിട്ടു നശിപ്പിച്ചു. ആ ചിത്രം പുറത്തിറങ്ങിയിരുന്നെങ്കിൽ മലയാള സിനിമയിലെ എക്കാലെത്തയും വലിയ ചലച്ചിത്രകാരനായി അദ്ദേഹം മാറുമായിരുന്നെന്നും ശ്രീകുമാൻ തമ്പി പറഞ്ഞു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്റെ ലോഗോ പന്ന്യൻ രവീന്ദ്രൻ പ്രകാശനം ചെയ്തു. കെ.ബാലകൃഷ്ണന്റെ മുഖപ്രസംഗങ്ങളുടെ സമാഹാരം മുൻ എം.പി സെബാസ്റ്റ്യൻ പോൾ ഐ.എം.ജി ഡയറക്ടർ കെ.ജയകുമാറിന് നൽകി പ്രകാശനം ചെയ്തു. മാദ്ധ്യമപ്രവർത്തകൻ ബൈജു ചന്ദ്രൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഹാഷിം രാജൻ തുടങ്ങിയവർ സംസാരിച്ചു.