
തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിലടക്കം ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സമിതിയെ നിയോഗിച്ചതായി യു.ജി.സി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. നിയമന ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ഡിജിറ്റൽ സർവകലാശാലാ വി.സി സജി ഗോപിനാഥ്, ഓപ്പൺ സർവകലാശാലാ വി.സി മുബാറക് പാഷ എന്നിവരെ പുറത്താക്കുന്നതിൽ ഗവർണർ അഭിപ്രായം തേടിയിരുന്നു. ഇതിനുള്ള മറുപടിയാണ് യു.ജി.സി നൽകിയത്.
പുറത്താക്കൽ നടപടികളുമായി ബന്ധപ്പെട്ട് വി.സിമാരുടെ ഹിയറിംഗ് ഗവർണർ നടത്തിയപ്പോൾ, യു.ജി.സി പ്രതിനിധിയായി പങ്കെടുത്ത ഡോ. എൻ. ഗോപുകുമാറാണ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അദ്ദേഹം യു.ജി.സിയുടെ ജോയിന്റ് സെക്രട്ടറികൂടിയാണ്. കേരളത്തിലെ വി.സിമാരുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് നല്ല ധാരണയുള്ളതിനാൽ പുതിയ ഭേദഗതിയിൽ അതിനെല്ലാം പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ആദ്യ വൈസ്ചാൻസലർമാരെ നിയമിക്കുന്നതിലടക്കം കൃത്യമായ മാനദണ്ഡങ്ങളോടെയാവും യു.ജി.സി ചട്ടഭേദഗതി ഉടൻ വരിക. വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലർക്ക് പൂർണ അധികാരം നൽകാനും ഗവർണറെത്തന്നെ ചാൻസലറായി നിലനിറുത്താനുമുള്ള ചട്ടങ്ങളും ഭേദഗതിയിലുണ്ടാവും.
2018ലെ യു.ജി.സി ചട്ടങ്ങളിൽ വി.സിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവ്യക്തതകൾ നീക്കാൻ കൂടിയാണ് കമ്മിറ്റിയെ നിയോഗിച്ചത്.
ഓപ്പൺ, ഡിജിറ്റൽ യൂണിവേഴ്സിറ്റികളിൽ ആദ്യ വി.സിമാരെന്ന നിലയിൽ ഇവരെ സർക്കാർ നിയമിച്ചതാണ്. വാഴ്സിറ്റിക്ക് യു.ജി.സി അംഗീകാരം ലഭിക്കുന്നതുവരെ മാത്രമേ അവർക്ക് തുടരാൻ കഴിയൂ എന്നാണ് യു.ജി.സി നിലപാട്. അതിനുശേഷം ചാൻസലർ സെർച്ച്കമ്മിറ്റിയുണ്ടാക്കി പുതിയ വി.സിയെ നിയമിക്കണം. യോഗ്യനാണെങ്കിൽ പുനർനിയമനമാവാം. രണ്ടിടത്തും യു.ജി.സി അംഗീകാരം കിട്ടിയശേഷവും സർക്കാർ നിയമിച്ചവർ തുടരുകയാണ്. ഓപ്പൺ യൂണി. വി.സി മുബാറക് പാഷ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.