
തിരുവനന്തപുരം: വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ടി'ന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ തമിഴ് സൂപ്പർതാരം വിജയ്‌ക്ക് വിമാനത്താവളത്തിൽ ആരാധകരുടെ ആവേശോജ്ജ്വല സ്വീകരണം. വൈകിട്ട് അഞ്ചിന് ആഭ്യന്തര വിമാനത്താവളത്തിൽ എത്തിയ വിജയ്‌യെ കാത്ത് ആയിരക്കണക്കിന് ആരാധകർ രാവിലെ 7 മുതൽ കട്ടൗട്ടുകളുമായി കാത്തുനിൽക്കുകയായിരുന്നു.
ചാർട്ടേഡ് വിമാനത്തിൽ എത്തിയ വിജയ് സ്വകാര്യ സുരക്ഷാഭടന്മാരുടെ കാവലിലാണ് പുറത്തേക്കിറങ്ങിയത്.പുത്തൻ ഹെയർ സ്റ്റൈലിൽ ക്ലീൻ ഷേവ് ലുക്കിലെത്തിയ വിജയ് കാറിൽ കയറിയപ്പോഴേക്കും ആരാധകർ പൊതിഞ്ഞു. കാറിന്റെ സൺറൂഫ് തുറന്ന് അഭിവാദ്യം ചെയ്തപ്പോൾ പൂക്കൾ വാരിയെറിഞ്ഞായിരുന്നു ആരാധകരുടെ വരവേൽപ്പ്. പൊലീസ് എത്തി ആരാധകരെ വകഞ്ഞുമാറ്റിയാണ് കാർ മുന്നോട്ടെടുത്തത്. വൻ പോലീസ് സംഘമാണ് ആരാധകരെ നിയന്ത്രിക്കാനെത്തിയത് എയർപോർട്ട് റോഡിൽ വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു.
വിമാനത്താവളത്തിലെ ജീവനക്കാരിൽ ചിലർ വിജയ്‌ക്കൊപ്പം സെൽഫി എടുത്തു. 23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാവും. ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ക്ലൈമാക്സാണ് ചിത്രീകരിക്കുന്നത്. സംവിധായകൻ വെങ്കട് പ്രഭു രണ്ടാഴ്ച മുൻപ് തലസ്ഥാനത്തെത്തി ലൊക്കേഷൻ പരിശോധിച്ചിരുന്നു. 2011ൽ വേലായുധം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് വിജയ് ഇതിനു മുൻപ് കേരളത്തിലെത്തിയത്. എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വച്ചായിരുന്നു അന്ന് ഷൂട്ടിംഗ്. അതിനു മുമ്പ് കാവലൻ സിനിമയുടെ ഷൂട്ടിംഗ് പാലക്കാട് നടന്നു. 2007ൽ പോക്കിരിയുടെയും 2009ൽ വേട്ടക്കാരന്റെയും വിജയം ആഘോഷിക്കാൻ വിജയ് തിരുവനന്തപുരത്ത് എത്തിയിരുന്നു.