photo

നെടുമങ്ങാട് : ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ അന്തിമ ഘട്ടത്തിലെത്തിനിൽക്കെ, പ്രവർത്തകരിൽ വീറും വാശിയുമേറ്റി യു.ഡി.എഫ്,എൻ.ഡി.എ മുന്നണികളും കൺവെൻഷനുകളിലേക്ക് കടന്നു. തിരഞ്ഞെടുപ്പ് ഗോദയിൽ ഒപ്പത്തിനൊപ്പമെത്താൻ മൂന്ന് മുന്നണികളും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അടൂർ പ്രകാശിന്റെ പാർലമെന്റ് മണ്ഡലം കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ ആറ്റിങ്ങലിൽ ഉദ്‌ഘാടനം ചെയ്തു.

പിണക്കത്തിലായിരുന്ന നേതാക്കളെയും പ്രവർത്തകരെയും സ്ഥാനാർത്ഥി മുൻകൈയെടുത്ത് ഇണക്കിച്ചേർത്തതിന്റെ ഗുണം കൺവെൻഷനിൽ പ്രകടമായി. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രവർത്തകർ കൺവെൻഷൻ ഹാളിലെത്തി. കരഘോഷങ്ങളോടെയും മുദ്രവാക്യം വിളികളോടെയും പ്രവർത്തകർ ആവേശം പകർന്നു. രാജ്യസഭ എം.പി ജെ.ബി.മേത്തർ,പാലോട് രവി, ഷിബു ബേബിജോൺ,ഷംസുദ്ദീൻ എം.എൽ.എ,വി.എസ്.ശിവകുമാർ,സി.പി.ജോൺ, എൻ.ശക്തൻ,എൻ.പീതാംബരക്കുറുപ്പ്,കരകുളം കൃഷ്ണപിള്ള,വർക്കല കഹാർ,ജി.സുബോധൻ,വേണുഗോപാൽ,ഗായത്രി.എസ്.നായർ,കെ.ഓമന,ആർ.ലക്ഷ്മി,ബീമാപ്പള്ളി റഷീദ്, ശരത്ചന്ദ്ര പ്രസാദ്,കൊട്ടാരക്കര പൊന്നച്ചൻ,കരുമം സുന്ദരേശൻ,ഇറവൂർ പ്രസന്നകുമാർ,ഹരി തുടങ്ങിയവർ പങ്കെടുത്തു. അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് ഗാനങ്ങൾ- ആറ്റിങ്ങൽ കെയർ പ്രതിപക്ഷ നേതാവ് പ്രകാശനം ചെയ്തു. ഇന്ന് വൈകിട്ട് 4 ന് വെഞ്ഞാറമൂട്, നെല്ലനാട് മണ്ഡലം കൺവെൻഷനുകളിലും 6.30 ന് വാവറ കുന്നത്ത് ഭഗവതി ക്ഷേത്ര സാംസ്‌കാരിക സമ്മേളനത്തിലും അടൂർ പ്രകാശ് പങ്കെടുക്കും.

'ജനപങ്കാളിത്തത്തോടെയുള്ള വികസനം" എന്ന പ്രധാനമന്ത്രി മോദിയുടെ ആശയം ജനങ്ങളിൽ എത്തിക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രമന്ത്രി കൂടിയായ വി.മുരളീധരൻ തുടക്കമിട്ടു. വാമനപുരം മണ്ഡലത്തിലെ പുല്ലംപാറ, നെല്ലനാട് പഞ്ചായത്തുകളിൽ പ്രാദേശിക വികസനം സംബന്ധിച്ച വിവിധ വിഷയങ്ങളിൽ പ്രദേശവാസികളുമായി അദ്ദേഹം കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി. കേരള വാണിക വൈശ്യ സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദളിത്,പിന്നാക്ക സമുദായ സംഘടനകളുടെ യോഗത്തിലും വി. മുരളീധരൻ പങ്കെടുത്തു. നെടുമങ്ങാട് എൻ.ഡി.എ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്‌ഘാടനവും നിർവഹിച്ചു. ബി.ജെ.പി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ആർ.ഹരിപ്രസാദിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, ജില്ലാ സെക്രട്ടറി മുളയറ രതീഷ്, സംസ്ഥാന കമ്മിറ്റിയംഗം തോട്ടയ്ക്കാട് ശശി, മണ്ഡലം ജനറൽ സെക്രട്ടറി വീനിഷ്കുമാർ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് സുരേഷ് നെട്ടിറച്ചിറ എന്നിവർ പങ്കെടുത്തു.

ജന്മനാടായ പെരുങ്ങുഴിയിലെ ദേവീ ക്ഷേത്രോത്സവം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം നിന്ന് നടത്തിക്കുന്നതിന്റെ തിരക്കിലായിരുന്നു വർക്കല എം.എൽ.എ കൂടിയായ ഇടത് സ്ഥാനാർത്ഥി വി.ജോയി. പഞ്ചായത്ത് തലത്തിൽ മേഖല കൺവെൻഷനുകൾ ചേർന്ന് ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കുന്ന ഘട്ടത്തിലാണ് എൽ.ഡി.എഫ് ഇപ്പോൾ. ആദിവാസി വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള അരുവിക്കര നിയോജക മണ്ഡലത്തിലാണ് ഇന്നും നാളെയും പ്രചാരണം നിശ്ചയിച്ചിട്ടുള്ളത്. ആദിവാസി സങ്കേതങ്ങളിലെ സന്ദർശനത്തിന് ''ഊരറിഞ്ഞ് ജോയി"എന്ന ടൈറ്റിലാണ് എൽ.ഡി.എഫ് നൽകിയിട്ടുള്ളത്.

മുരളീധരന് പിന്നാക്ക സംഘടനകളുടെ പിന്തുണ

വാണിക വൈശ്യസംഘം,അഖിലകരള യാദവസഭ,ചെട്ടിമഹാസഭ,കേരള യാദവസഭ,റെഡ്യാർ ഫെഡറേഷൻ,വിൽക്കുറുപ്പ് മഹാസഭ തുടങ്ങി പത്തൊമ്പത് പിന്നാക്ക സംഘടനകൾ വി.മുരളീധരന് പിന്തുണയുമായി രംഗത്തെത്തി. സംഘടനാപ്രതിനിധികൾ പിന്നാക്ക സമുദായ നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വീണ്ടും ബി.ജെ.പി വന്നാൽ

കേരളം ഇല്ലാതാകും: എസ്.ആർ.പി

പാർലമെന്റിനെ നോക്കുകുത്തിയാക്കി ബി.ജെ.പിക്ക് അനുകൂലമായ നിയമങ്ങൾ പാസാക്കി ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്ന് സി.പി.എം മുൻ പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. വി.ജോയിയുടെ അരുവിക്കര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ നിലയിൽ പോയാൽ കേരള സംസ്ഥാനം തന്നെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.ശിവൻകുട്ടി,കെ.എസ്.സുനിൽ കുമാർ, ജി.സ്റ്റീഫൻ.എം.എൽ.എ, കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ,സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം വി.പി.ഉണ്ണിക്കൃഷ്ണൻ, മീനാങ്കൽ കുമാർ,ആനാവൂർ നാഗപ്പൻ,ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ,എൻ.സി.പി നേതാവ് അജിത്ത് കുമാർ,സി.പി.എം വിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി,വി.വിജുമോഹൻ,ജെ.ലളിത, അശോകൻ എന്നിവർ പങ്കെടുത്തു.