കുളത്തൂർ : പരാതി പറഞ്ഞു മടുത്ത ആറ്റിപ്ര വാർഡിലെ കുടുംബങ്ങൾ വാട്ടർ അതോറിട്ടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. മൺവിള, തൃപ്പാദപുരം എന്നിവിടങ്ങളിലാണ് റോഡ് ഉപരോധിച്ചത്. ആറ്റിപ്ര വാർഡിലെ മൺവിള, അരശുംമൂട്, കല്ലിംഗൽ, തൃപ്പാദപുരം ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങളായി. ടെക്നോപാർക്കിനോട് ചേർന്നുള്ള മേഖലയാണിത്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. എല്ലാ ദിവസവും പൈപ്പുവെള്ളം കിട്ടിയിരുന്ന ഇവിടെ ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസമാണ് വെള്ളം ലഭിക്കുന്നത്. വാട്ടർ അതോറിട്ടിയുടെ ഭാഗത്തു നിന്ന് പരിശോധിക്കാമെന്ന മറുപടിയാണ് ലഭിക്കുന്നത്. കുട്ടികളെ സ്കൂളിൽ അയയ്ക്കാനും കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കുടിക്കാനും പാചകത്തിനുമായി പണം കൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. അരുവിക്കരയിൽ നിന്നുള്ള പൈപ്പ്ലൈനിന്റെ തകരാറാണ് കുടിവെള്ള വിതരണം തടസപ്പെടാൻ കാരണമെന്നാണ് വാട്ടർ അതോറിട്ടി നൽകുന്ന വിശദീകരണം. പുതിയ പൈപ്പ് ലൈനിന്റെ ടെൻഡർ നൽകിയെങ്കിലും തുക കുറവായതിനാൽ പുതുക്കി നൽകണമെന്ന് കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആവശ്യപ്പെട്ടതിനാൽ നടപടികൾ വൈകുകയാണ്. താത്കാലിക പരിഹാരമെന്നോണം നഗരസഭാ ജീവനക്കാരെത്തി വാട്ടർ ടാങ്കുകൾ സ്ഥാപിച്ചു. പ്രശ്നത്തിന് എന്ന് പരിഹാരമുണ്ടാകുമെന്ന കാര്യത്തിൽ ഒരുറപ്പും അധികൃതർ നൽകിയില്ല.