തിരുവനന്തപുരം: പ്രധാനപ്പെട്ട തൊഴിൽ ശാലകളിലെത്തി ജീവനക്കാരെ കണ്ടും മണ്ഡലത്തിലെ വിവിധ സംഘടനാ നേതാക്കളുമായി ആശയവിനിമയം നടത്തിയും തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പ്രചാരണം.വലിയൊരു സംഘം പ്രവർത്തകർപ്പൊപ്പമാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചത്.ഇന്നലെ രാവിലെ കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി സ്മാരകത്തിലെത്തി പന്ന്യൻ പുഷ്‌പാർച്ചന നടത്തി.തുടർന്ന് ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലവും പഠന ഗവേഷണ കേന്ദ്രവും സന്ദർശിച്ചു.എൻ. എസ്.എസ് വൈസ് പ്രസിഡന്റും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം.സംഗീത്കുമാർ ഉൾപ്പടെയുള്ളവരുമായി ആശയവിനിമയം നടത്തി.തുടർന്ന് ടൈറ്റാനിയത്തിലെത്തിയ സ്ഥാനാർത്ഥിയെ ജീവനക്കാർ സ്വീകരിച്ചു.എയർപോർട്ട് ഹാംഗർ യൂണിറ്റിന് മുന്നിൽ തൊഴിലാളികൾ സ്വീകരണം നൽകി.സഹകരണ ഭവനിലും സ്ഥാനാർത്ഥിയെത്തി. തുടർന്ന് വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ,ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണൻ,ആന്റണി രാജു എം.എൽ.എ, നേതാക്കളായ എസ്. എ.സുന്ദർ, ടി.എസ്. ബിനുകുമാർ, അഡ്വ: ആർ. സതീഷ് കുമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

ഇന്നലെ രാവിലെ 9ന് കണ്ണമ്മൂല ശ്രീ ചട്ടമ്പി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ പ്രചാരണം തുടങ്ങിയത്.തുടർന്ന് ചട്ടമ്പി സ്വാമി ജന്മസ്ഥാന മണ്ഡപവും ശ്രീ വിദ്യാധിരാജ പഠന ഗവേഷണ കേന്ദ്രവും സന്ദർശിച്ചു. എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ, ജനറൽ കൺവീനർ കെ.ആർ.വിജയകുമാർ,സി.എം.പി നേതാവ് എം.പി.സാജു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.തുടർന്ന് മുളവന ജംഗ്ഷനിലെ ശ്രീനാരായണഗുരു മന്ദിരം സന്ദർശിച്ചു.അവിടെയുള്ള അയ്യങ്കാളി പ്രതിമയിലും പുഷ്പഹാരം ചാർത്തി.ഉച്ചയ്ക്ക് 12ന് കൈത്തറി തൊഴിലാളി കോൺഗ്രസ് ദേവസ്വം ബോർഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിലും തുടർന്ന് വിവിധ ചാനൽ അഭിമുഖങ്ങളിൽ പങ്കെടുത്ത തരൂർ വൈകിട്ട് 6.30ന് ശ്രീകാര്യം മുസ്ലിം പള്ളിയിൽ നടന്ന നോമ്പ് തുറക്കൽ ചടങ്ങിന്റേയും ഭാഗമായി.ഇന്ന് നെയ്യാറ്റിൻകര എസ്എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന നെയ്യാറ്റിൻകര നിയോജ ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉൾപ്പെടെയുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കും.

പാങ്ങോട് ക്ഷേത്രത്തിന് മുന്നിൽ നിന്നായിരുന്നു രാജീവ് ചന്ദ്രശേഖർ ഇന്നലെ പ്രചാരണം ആരംഭിച്ചത്.തുടർന്ന് ശാസ്തമംഗലം മേഖലയിലേക്ക് പോയി.അവിടെ ചന്ദ്രന്റെ ചായക്കടയിൽ നിന്ന് മീഡിയം കടുപ്പത്തിന് ഒരു ചായയും കുടിച്ച് വോട്ടഭ്യർത്ഥന. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പാച്ചല്ലൂർ അശോക് ഒരു ബോണ്ട സ്ഥാനാർത്ഥിക്ക് നേരെ നീട്ടിയപ്പോൾ പഴംപൊരിയാണ് പ്രിയമെന്ന് പറഞ്ഞ് ബോണ്ട തന്നെ രുചിച്ചു. കാഞ്ഞിരംപാറ ശ്രീ സത്യസായി സേവാകേന്ദ്രത്തിലാണ് പിന്നീട് രാജീവ് ചന്ദ്രശേഖറെത്തിയത്.സത്യസായിക്ക് കർപ്പൂരാരാധന നടത്തി.തുടർന്ന് പി.ടി.പി നഗർ റസിഡന്റ്സ് അസോസിയേഷനിലെ വോട്ടർമാരുമായി സംസാരിച്ചു.വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെത്തി ചെയർമാൻ ഡോ.ജി.രാജ്‌മോഹനനുമായും കൂടിക്കാഴ്ച നടത്തി.മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്,സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണറും ഐ.പി.എസ് ഉദ്യാേഗസ്ഥനായിരുന്ന വിൻസൺ എം.പോൾ എന്നിവരുടെ വീടുകളും സന്ദർശിച്ചു. ചട്ടമ്പിസ്വാമികളുടെ ജീവചരിത്ര ഗ്രന്ഥകർത്താവ് പ്രൊഫ.കുമ്പളത്ത് ശാന്തകുമാരിയുടെ വീടും അദ്ദേഹം സന്ദർശിച്ചു.തുടർന്ന് കുറവൻകോണം ഷെയർ ഹോം ബദനി മഠവും ബദനി നേച്ചർ ക്യുയർ സെന്ററും സന്ദർശിച്ച്‌ ഇന്നലത്തെ പര്യടനം പൂർത്തിയാക്കി.