തിരുവനന്തപുരം: പ്രചാരണച്ചൂട് കൂടുന്നതിനിടെ വോട്ടുറപ്പിക്കാൻ എല്ലായിടത്തും ഓടിയെത്തി സ്ഥാനാർത്ഥികൾ. ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂരും എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും വിദ്യാർത്ഥികളുമായി സംവദിച്ചപ്പോൾ എൻ.‌ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ രാജാജി നഗറിലെ ജനങ്ങൾക്കൊപ്പമായിരുന്നു.

രാവിലെ 9ന് കനകക്കുന്നിൽ സ്വകാര്യ ചാനലിന്റെ സംവാദ പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് തരൂർ പ്രചാരണം ആരംഭിച്ചത്. തുടർന്ന് കുറുവാണി ചാരിറ്റബിൾ ട്രസ്റ്റ് നേമം കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. പിന്നീട് വഴുതക്കാട് ഗവ.വിമെൻസ് കോളേജിലെയും കോളേജ് ഒഫ് എൻജിനിയറിംഗിലെയും വിദ്യാർത്ഥികളുമായി സംവദിച്ചു. കെ.എസ്.യു വഴുതക്കാട് വിമെൻസ് കോളേജ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹമെത്തി. ഇന്ന് രാവിലെ 9 മുതൽ തരൂർ മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. 10ന് ഇടപ്പഴിഞ്ഞി ആർ.ഡി.ആർ ഓഡിറ്റോറിയത്തിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തുടർന്ന് പാളയം സെന്റ് ജോസഫ് ദേവാലയം സന്ദർശിക്കും. ഉച്ചയ്‌ക്ക് 3ന് കോട്ടപ്പുറം സെന്റ് മേരീസ് എച്ച്.എസ്.എസിലെത്തി വോട്ടഭ്യർത്ഥിക്കും. 6ന് പൂന്തുറ മുസ്ലിം പള്ളിയിലെ നോമ്പു തുറക്കൽ ചടങ്ങിലും പങ്കെടുക്കും.

ഇന്നലെ രാവിലെ നിർമ്മലാഭവൻ സ്‌കൂളിൽ നിന്നായിരുന്നു പന്ന്യൻ രവീന്ദ്രൻ പ്രചാരണം തുടങ്ങിയത്. അദ്ധ്യാപകർക്കിടയിൽ വോട്ടഭ്യർത്ഥിച്ച അദ്ദേഹം വിദ്യാർത്ഥികളുമായും സമയം ചെലവിട്ടു. തുടർന്ന് നേമത്ത് റംസാൻ റിലീഫ് വിതരണത്തിൽ പങ്കെടുത്തു. 10 മുതൽ ജില്ലയിലെ തീരദേശ മേഖലയിൽ പര്യടനം നടത്തി. അടിമലത്തുറ,കൊച്ചുപള്ളി,പുല്ലുവിള,പള്ളം,പുതിയതുറ,കൊച്ച്തുറ,കരിങ്കുളം, പൂവാർ,പരിത്തിയൂർ,​തെക്കേ കൊല്ലങ്കോട് എന്നിവിടങ്ങളിലെ വോട്ടർമാരെ പരമാവധി നേരിൽക്കണ്ടായിരുന്നു വോട്ടഭ്യർത്ഥന. വൈകിട്ട് നെയ്യാറ്റിൻകരയിലെ വിവിധ മേഖലാ കൺവെൻഷനുകളിലും പങ്കെടുത്തു. ഇന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങൾ, തൊഴിൽശാലകൾ തുടങ്ങിയ സ്ഥലങ്ങളിൽ പന്ന്യൻ രവീന്ദ്രൻ വോട്ട് അഭ്യർത്ഥിക്കും.

എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ രാജാജി നഗറിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ കേട്ടറിഞ്ഞു. മഴപെയ്താൽ വെള്ളത്തിലാകുന്ന രാജാജിനഗറും ചെങ്കൽച്ചൂളയും പരിഹാരമുണ്ടാകേണ്ട പ്രശ്‌നങ്ങളെന്നും ജയിച്ചാൽ അത് മനസിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ആദ്യകാല നാടക നടിയും ആയിരത്തിലേറെ സ്റ്റേജുകളിൽ വേഷമിടുകയും ഇപ്പോൾ ലോട്ടറി വിറ്റ് ജീവിതമാർഗം കണ്ടെത്തുകയും ചെയ്യുന്ന സൂസൻ രാജിനെ കാണാനും അദ്ദേഹം സമയം കണ്ടെത്തി. വെള്ളയമ്പലം ക്രൈസ്റ്ര് നഗർ സ്‌കൂളിലും അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. ഇന്ന് രാവിലെ 9.30ന് മ്യൂസിയത്ത് വോളന്റിയർ മീറ്റിംഗുകളിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും. തുടർന്ന് നേമത്ത് മണ്ഡലം കമ്മിറ്റി യോഗങ്ങളിലും ഫുട്ബാൾ ക്ളബിന്റെ യോഗങ്ങളിലും പങ്കെടുക്കും. ഉച്ചയ്‌ക്ക് 12ന് പാളയം സെന്റ് ജോസഫ്സ് പള്ളിയിലും തുടർന്ന് കൊച്ചുവേളി പള്ളിയിലുമെത്തും.