കോവളം : സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ ഉടമയുടെ പണവും ടാബുകളും മൊബൈൽ ഫോണും കവർന്ന് കടന്നു കളഞ്ഞതായി പരാതി. കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ വിപിൻ രാജിന്റെ ഉടമസ്ഥതയിലുള്ള അൺവിൻഡ് റസ്റ്റോറന്റിൽ നിന്നാണ് മോഷണം നടന്നത്. ഇവിലെ ജോലി നോക്കിയിരുന്ന രണ്ട് തൊഴിലാളികൾ ഇന്നലെ രാവിലെ നാട്ടിൽ പോയതിനെത്തുടർന്ന് സംശയം തോന്നി ഹോട്ടലിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ ഉടമയ്ക്ക് ലഭിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് വെസ്റ്റ് ബംഗാൾ, നാഗാലാൻഡ് സ്വദേശികളായ ഇവർ ഹോട്ടലിൽ ജോലിക്കെത്തിയത്. ക്ലീനിംഗ് ജോലിയായിരുന്നു ചെയ്തുവന്നത്. കഴിഞ്ഞ ദിവസം നാട്ടിൽ പോകണമെന്ന് പറഞ്ഞ് മൂന്ന് ദിവസത്തെ ശമ്പളമൊഴികെ ബാക്കി തുക കൈപ്പറ്റി ഇന്നലെ രാവിലെ 6 മണിയോടെ ലൈറ്റ് ഹൗസ് ബീച്ചിൽ നിന്ന് ഓട്ടോയിൽ കയറി പോവുകയായിരുന്നു. ഹോട്ടൽ ഉടമയുടെ പരാതിയെ തുടർന്ന് കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.