
ശംഖുംമുഖം: കൊച്ചുവേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ളേ ഫാക്ടറിക്ക് സമീപം തീപിടിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 12.30നാണ് തീപിടിത്തമുണ്ടായത്. ചാക്കയിൽ നിന്നുള്ള നാല് ഫയർഫോഴ്സ് യുണിറ്റുകളെത്തി അഞ്ച് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ക്ളേ ഫാക്ടറിക്ക് പുറകുവശത്തുള്ള ആയിരംതോപ്പ് ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ പുല്ലിനാണ് തീപിടിച്ചത്. ഫാക്ടറിയുടെ പുറകിലുള്ള രണ്ടരയേക്കറോളം വരുന്ന ഭാഗത്തെ മരങ്ങളിലും പുല്ലുകളിലും തീപടർന്നു. ഫാക്ടറിയിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ നാശനഷ്ടമുണ്ടായില്ല. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ അണച്ചത്.