phone

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രഹസ്യങ്ങളും തന്ത്രങ്ങളും അടിയൊഴുക്കുകളും സഖ്യങ്ങളും അറിഞ്ഞ് കരുക്കൾ നീക്കാൻ പ്രതിപക്ഷ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മാദ്ധ്യമപ്രവർത്തകരുടെയുമടക്കം ഫോൺ ചോർത്തുന്നു. ക്രിമിനലുകളെയും തീവ്രവാദികളെയും നിരീക്ഷിക്കാനുള്ള പൊലീസിന്റെ രഹസ്യസംവിധാനം ഉപയോഗിച്ചാണിത്. ഒരുമാസമായി ഇത് നടന്നുവരികയാണ്. വിവരം പൊലീസിൽ നിന്നുതന്നെ ചോർന്നതോടെ ഉദ്യോഗസ്ഥരും നേതാക്കളുമെല്ലാം ഫോൺവിളി വാട്സ്ആപ്പ് വഴിയാക്കി. വാട്സ്ആപ്പ് കോളുകൾ പൊലീസിന് ചോർത്തുക എളുപ്പമല്ല.

നിയമപ്രകാരം ഫോൺ ചോർത്താൻ കടമ്പകളേറെയുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്നത്, സാമ്പത്തിക കുറ്റകൃത്യം, ഭീകരവിരുദ്ധനിയമം ചുമത്തിയ കേസുകൾ എന്നിവയുടെ അന്വേഷണത്തിനേ ഫോൺ ചോർത്താനാവൂ. ഏതായാലും കാരണം വ്യക്തമാക്കി ഡി.ഐ.ജി മുതലുള്ളവർക്ക് ആഭ്യന്തരസെക്രട്ടറിയുടെ അനുമതി തേടാം. അടിയന്തര സാഹചര്യത്തിൽ മുൻകൂർ അനുമതിയില്ലാതെ ഏഴുദിവസം ഫോൺ ചോർത്താം. പിന്നീട് അംഗീകാരം നേടണം. രണ്ടു മാസത്തേക്കാണ് ആദ്യാനുമതി. പിന്നീട് ഒരു മാസം നീട്ടാം. നടപടിക്രമങ്ങളേറെയുള്ളതിനാലാണ് അനധികൃതമായ ചോർത്തൽ. എന്നാൽ നിയമപ്രകാരമല്ലാതെ ഫോൺചോർത്താറില്ലെന്നാണ് പൊലീസ് വാദം.

പക്ഷേ, തിരുവനന്തപുരത്ത് പേരൂർക്കടയിലെ വീട്ടിൽ ഫോൺ ചോർത്താനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഒരു മുൻ പൊലീസ് മേധാവി തുറന്നുപറഞ്ഞിരുന്നു. സോളാർ വിവാദം കത്തിനിൽക്കെ, മാദ്ധ്യമപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും ഫോൺ ഇന്റലിജൻസ് ചോർത്തിയിരുന്നു.

ചോർത്തൽ വാടകവീട്ടിലും

തിരുവനന്തപുരത്ത് പേരൂർക്കടയിൽ വാടക വീടെടുത്താണ് ഫോൺ ചോർത്താനുള്ള ഉപകരണം പൊലീസ് സ്ഥാപിച്ചിരുന്നതെന്നും താൻ ആഭ്യന്തരമന്ത്രിയായിരിക്കെ അത് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയെന്നും രമേശ് ചെന്നിത്തല നേരത്തേ വെളിപ്പെടുത്തിയിരുന്നു.

കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെയാണ് വാടകവീട്ടിൽ ചോർത്തൽ യന്ത്രം സ്ഥാപിച്ചത്. പ്രധാന വ്യക്തികളുടെയെല്ലാം ഫോൺ അക്കാലത്ത് ചോർത്തിയെന്നും പിന്നീട് രാജ്യദ്രോഹം, കള്ളനോട്ട് പ്രതികളുടെ ഫോൺ നിയമാനുസൃതമേ ചോർത്തിയിട്ടുള്ളൂവെന്നും ചെന്നിത്തല.

ആഭ്യന്തരസെക്രട്ടറിയുടെ അനുമതിയോടെ നൂറിൽതാഴെപ്പേരുടെ ഫോൺ സ്ഥിരമായി ചോർത്തുന്നുണ്ട്. അടിയന്തര ആവശ്യമായി ചോർത്തുന്നതിന് കണക്കില്ല. ഭൂരിഭാഗം ഫോൺചോർത്തലും മാവോയിസ്റ്റ്, തീവ്രവാദബന്ധം സംശയിക്കുന്നവരുടേതാണ്.

ഫോൺ ചോർത്തലിന്റെ കഥ

1. കേസന്വേഷണത്തിന് ടെലിഗ്രാഫ് ആക്ട് ചട്ടം 5(2) പ്രകാരമാണ് കാൾവിവരങ്ങൾ ശേഖരിക്കുന്നത്

2. നിരീക്ഷണത്തിലാക്കേണ്ട നമ്പറുകൾ പൊലീസ് മൊബൈൽ സേവനദാതാക്കൾക്ക് കൈമാറും

3. ഈ നമ്പറുകളിലെ കാളുകൾ, സേവനദാതാക്കൾ പൊലീസിന്റെ മറ്റൊരു നമ്പറിലേക്ക് തിരിച്ചുവിടും

4. ഈ കാളുകളെല്ലാം പ്രത്യേക ഉപകരണമുപയോഗിച്ച് പൊലീസ് റെക്കാഡ് ചെയ്യും

'മമത" ശ്രമം നടന്നില്ല

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ടയാളുടെ ഫോൺ ചോർത്താനുള്ള ബംഗാൾ പൊലീസിന്റെ ആവശ്യം ആഭ്യന്തരസെക്രട്ടറിയായിരുന്ന നളിനിനെറ്റോ അംഗീകരിച്ചെങ്കിലും ചീഫ്സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് അനുവദിച്ചില്ല. നിയമപ്രകാരം അനുമതി നൽകാൻ ചീഫ്സെക്രട്ടറി, നിയമ-പൊതുഭരണ സെക്രട്ടറിമാരടങ്ങിയ ഉന്നതസമിതിയുമുണ്ട്.

കുറ്റം

5വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനധികൃത ഫോൺചോർത്തൽ