
ബംഗളൂരു: കർണാടക ബി.ജെ.പിയിൽ സ്വാധീനം വീണ്ടെടുത്ത മുൻ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ എതിരാളികളെ വെട്ടിനിരത്താൻ തുടങ്ങിയതോടെ പാർട്ടിയിൽ കലാപം. 2019ൽ 28ൽ 26 സീറ്റും സ്വന്തമാക്കിയ സംസ്ഥാനത്തിലെ പുതിയ പ്രശ്നം കേന്ദ്രനേതൃത്വത്തിനും തലവേദനയായി.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷുമായി അടുപ്പമുള്ള മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഡി.വി.സദാനന്ദഗൗഡ, മുൻമന്ത്രി സി.ടി.രവി, മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പ, മുൻ സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീൽ, മൈസൂരു എം.പി പ്രതാപ് സിംഹ എന്നിവർക്ക് സീറ്റ് നിഷേധിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലിംഗായത്ത് നേതാക്കളായ ലക്ഷ്മൺ സാവഡി, ജഗദീഷ് ഷെട്ടർ തുടങ്ങി യെദിയൂരപ്പയുമായി അടുപ്പമുള്ളവർക്ക് ബി.എൽ.സന്തോഷ് സീറ്റ് നൽകിയിരുന്നില്ല. പകരം 72 പുതുമുഖ സ്ഥാനാർത്ഥികളെ അവതരിപ്പിച്ചെങ്കിലും അവരെല്ലാം തോറ്റു.
പാർട്ടിയിലെ വൊക്കലിഗ മുഖമാണ് സദാനന്ദ ഗൗഡ. സിറ്റിംഗ് എം.പി ഗൗഡയെ തഴഞ്ഞ് യെദിയൂരപ്പയുടെ അനുയായി ശോഭകരന്ത് ലജെയ്ക്കാണ് ബംഗളൂരു നോർത്ത് മണ്ഡലം നൽകിയത്. സദാനന്ദഗൗഡ മൈസൂരുവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് അഭ്യൂഹം. മൂന്നുതവണ മംഗളൂരു എം.പിയായിരുന്ന നളിൻകുമാർ കട്ടീലിന് സീറ്റ് നിഷേധിച്ചു. കെ.എസ്.ഈശ്വരപ്പയ്ക്ക് മകൻ കെ.ഇ.കാന്തേഷിന് സീറ്റ് നൽകാത്തതിലാണ് പരാതി. നിലവിൽ എം.എൽ.സിയാണ് കാന്തേഷ്.
സന്തോഷാണ് മൈസൂരുവിൽ നിന്നുള്ള പ്രതാപ് സിംഹയ്ക്ക് സീറ്റ് നൽകിയത്. പാർലമെന്റിലെ പുകയാക്രമണ കേസിനെത്തുടർന്ന് പ്രതിസന്ധിയിലായ പ്രതാപ് സിംഹയ്ക്ക് പകരം ഇക്കുറി മൈസൂരു രാജകുടുംബാംഗമായ യദുവീർ കൃഷ്ണചാമരാജ വാഡിയാരാണ് മത്സരിക്കുന്നത്.
യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്. മറ്റൊരു മകൻ രാഘവേന്ദ്രയ്ക്ക് ഷിമോഗ സീറ്റും നൽകി. അടുത്ത അനുയായി ജി.എം.സിദ്ധേശ്വരയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഭാര്യ ഗായത്രിക്ക് സീറ്റ് ഉറപ്പാക്കി. ഇതും പാർട്ടിയിൽ മുറുമുറുപ്പുണ്ടാക്കി.
ബ്രാഹ്മണ- ലിംഗായത് പോര്
ബ്രാഹ്മണ ലോബിയും പിന്നാക്ക ലിംഗായത് വിഭാഗവും തമ്മിലുള്ള പോരാണ് പ്രശ്നങ്ങൾക്ക് കാരണം. ലിംഗായത്തിലെ പ്രമുഖ നേതാവാണ് യെദിയൂരപ്പ. സംസ്ഥാനത്തെ വലിയ ജാതിവിഭാഗവും ലിംഗായത്താണ്. ബി.എൽ.സന്തോഷാണ് ബ്രാഹ്മണ ലോബിയുടെ നേതാവ്. മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയെ താഴെയിറക്കി ബസവരാജ് ബൊമ്മയെ പ്രതിഷ്ഠിച്ചതും നിയമസഭ തിരഞ്ഞെടുപ്പിൽ ജഗദീഷ് ഷെട്ടർ ഉൾപ്പെടെയുള്ള ലിംഗായത്ത് നേതാക്കളെ തഴഞ്ഞതും യെദിയൂരപ്പയെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്ന് മാറ്റിനിറുത്തിയതും സന്തോഷാണെന്നാണ് പരാതി.
നിയമസഭ തിരഞ്ഞെടുപ്പിൽ യെദിയൂരപ്പ മാറിനിന്നതിനാൽ പാർട്ടി 112ൽൽ നിന്ന് 68സീറ്റുകളിലേക്ക് ചുരുങ്ങി. അധികാരവും നഷ്ടമായി. ഇതോടെ സന്തോഷിനോട് അമിത്ഷായ്ക്കും നരേന്ദ്രമോദിക്കും താത്പര്യം കുറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്ന് സന്തോഷിനെ മാറ്റിനിറുത്തി. അഴിമതിയില്ലാത്ത, ആശയദൃഢതയുള്ള നേതാവാണ് സന്തോഷ്. മികച്ച വിദ്യാഭ്യാസയോഗ്യതയും അക്കാഡമിക് റെക്കാഡുമുള്ള സന്തോഷ് ആർ.എസ്.എസ് അഖില ഭാരതീയ സർക്കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുമായി അടുപ്പമുള്ള നേതാവാണ്.