
ആറ്റിങ്ങൽ : മുദാക്കൽ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മന്ദിര നിർമ്മാണം നിലച്ചിട്ട് മാസങ്ങൾ. എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി ചെലവിട്ടു നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണമാണ് പാർശ്വഭിത്തിയിൽ ഒതുങ്ങിയത്. രണ്ട് വർഷം മുൻപാണ് മന്ദിര നിർമ്മാണത്തിന്റെ പണിയാരംഭിച്ചത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് കെട്ടിട നിർമ്മാണത്തിനായി പദ്ധതി തയാറാക്കിയത്. 2022 മെയ് 16ന് വി.ശശി എം.എൽ.എ നിർമ്മാണോദ്ഘാടനം നടത്തി. പഞ്ചായത്ത് ഓഫിസിനു പിന്നിലായി നിലവിലെ ആശുപത്രി കെട്ടിടത്തോട് ചേർന്നാണ് പുതിയ ബഹുനില മന്ദിരം നിർമ്മിക്കുന്നത്. കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നതിലെ സാങ്കേതിക തടസം ചൂണ്ടിക്കാട്ടി സ്ഥലത്തിന്റെ നാലുവശവും ഇരുപതടിയോളം ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചു. പാർശ്വ ഭിത്തിയുടെ നിർമ്മാണത്തിനായി അനുവദിച്ച തുകയിൽ ഭൂരിഭാഗവും ഇതിനോടകം ചെലവായതോടെയാണ് മന്ദിര നിർമ്മാണം നിലച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെട്ടിടത്തോട് ചേർന്നുള്ള സ്ഥലമെല്ലാം താഴ്ന്നു കിടക്കുകയാണ്.
ആശുപത്രി കെട്ടിട നിർമ്മാണത്തിനായി ആദ്യഘട്ടത്തിൽ ഒരു കോടി രൂപ അനുവദിച്ചിരുന്നു. തുക തികയാതെ വന്നതോടെ ഒരു കോടി കൂടി അനുവദിച്ചിട്ടുണ്ട്.
രോഗികളും നട്ടം തിരിയും
അശാസ്ത്രീയമായ നിർമ്മാണ രീതിയിൽ രോഗികളും ബുദ്ധിമുട്ടേണ്ടി വരും. കോൺക്രീറ്റ് ഭിത്തി കെട്ടി ഉയർത്തിയിരിക്കുന്നതിനാൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ അനേകം പടിക്കെട്ടുകൾ കയറി വേണം വയോധികരടക്കമുള്ളവർ ചികിത്സ തേടാനെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഈ സ്ഥലത്തെ മണ്ണു നീക്കം ചെയ്ത് നിലവിലെ തറനിരപ്പിൽ കെട്ടിടം നിർമ്മിക്കണമെന്ന് തുടക്കത്തിൽ തന്നെ വ്യാപകമായി ആവശ്യം ഉയർന്നിരുന്നെങ്കിലും അതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് മണ്ണ് സംരക്ഷിക്കുന്നതിന്റെ പേരിൽ ലക്ഷങ്ങൾ ചെലവിട്ട് സംരക്ഷണ ഭിത്തി നിർമ്മിച്ചതെന്ന് നാട്ടുകാർ പറയുന്നു.