തിരുവനന്തപുരം: രാജാജി നഗറിന്റെ (ചെങ്കൽച്ചൂള കോളനി) പുനർനവീകരണം ലക്ഷ്യമിട്ട് രൂപീകരിച്ച പദ്ധതി ഇനിയും വൈകും. സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് പദ്ധതിക്കായി ഇ-ടെൻഡർ വിളിച്ചെങ്കിലും രണ്ട് കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. അതിൽ സാങ്കേതിക പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഒരു കമ്പനിയെ ഒഴിവാക്കുകയും ചെയ്‌തു.
ടെൻഡറിൽ ഒരു കമ്പനി മാത്രമായതോടെ ഇനി പുതിയ ടെൻഡർ വിളിക്കുകയേ മാർഗമുള്ളൂ. ഒന്നാം പിണറായി സർക്കാരിൽ എ.സി.മൊയ്‌തീൻ മന്ത്രിയായിരിക്കെയാണ് രാജാജി നഗർ നവീകരിക്കുന്നതിന് 61.42 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്.
പെരുമാറ്റച്ചട്ടം വിലങ്ങുതടി
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതാണ് പുതിയ ടെൻഡർ വിളിക്കാൻ തടസം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാലേ പുതിയ ടെൻഡർ വിളിക്കാൻ കഴിയൂ. നിലവിലെ സാഹചര്യത്തിൽ കമ്മിഷൻ അനുമതി നൽകാൻ സാദ്ധ്യതയില്ല. കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമേ ഇനി തുടർനടപടികൾ സാദ്ധ്യമാകൂ എന്ന സ്ഥിതിയാണ്.
12 ഏക്കർ, 2000 കുടുംബങ്ങൾ
2017ലാണ് രാജാജി നഗറിൽ പുതിയ ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിന് 61.42 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. 12 ഏക്കറിലായി 2000 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തിൽ 2.81 ഏക്കറിലായി 249 വീടുകൾ നിർമ്മിച്ച് 189 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായിരുന്നു പദ്ധതി. തുടർന്ന് ആവശ്യമെങ്കിൽ ഘട്ടംഘട്ടമായി ഫ്ളാറ്റുകൾ നിർമ്മിക്കാമെന്നും തീരുമാനിച്ചു.
എന്നാൽ പദ്ധതി പൂർത്തിയാകുന്നതുവരെ സമീപത്തുതന്നെ പുനരധിവാസകേന്ദ്രം വേണമെന്ന് കോളനി നിവാസികൾ നിലപാടെടുത്തു. മറ്റൊരിടത്ത് താമസം ഒരുക്കാമെന്നും 5,000 രൂപ വാടകയായി സർക്കാർ നൽകാമെന്ന് പറഞ്ഞിട്ടും അവർ വഴങ്ങിയില്ല. ചർച്ചകൾക്കൊടുവിൽ കോളനിയിലോ അതിനടുത്തോ വാടകയ്‌ക്ക് പോകാമെന്ന് അവർ സമ്മതിച്ചു. വാടകത്തുക കൂട്ടണമെന്ന ആവശ്യവും സ്‌മാർട്ട് സിറ്റി അംഗീകരിച്ചിട്ടുണ്ട്. ഫ്ലാറ്റുകൾക്കൊപ്പം ശരിയായി മഴവെള്ളം പോകുന്നതിനുള്ള ശൃംഖല, പ്രവേശന റോഡുകൾ,പാർക്കിംഗ് സൗകര്യം,കമ്മ്യൂണിറ്റി വിനോദസൗകര്യം എന്നിവയടക്കമാണ് പദ്ധതി.