
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി വരുന്ന ടോറസ് ലോറികൾ നിരന്തരം അപകടങ്ങളുണ്ടാക്കുന്നതായി പരാതി. ഇന്നലെ കരിങ്കല്ല് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അപകടങ്ങളിൽ പ്രതിഷേധിച്ച് പല തവണ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സമരം ചെയ്‌തിരുന്നെങ്കിലും താത്കാലിക നിയന്ത്രണം മാത്രമാണുണ്ടാകുന്നത്.
കഴിഞ്ഞ ഡിസംബറിൽ തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് കരിങ്കല്ലുമായി വന്ന ടിപ്പറിടിച്ച് ലോറിക്കടിയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രികയായ അദ്ധ്യാപിക സന്ധ്യറാണിയുടെ (37) കാല് മുറിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകൻ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റിൽ കരിങ്കല്ലുമായി പോയ ടോറസ് ലോറിയുടെ ടയറുകളിൽ ഒന്ന് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള പ്രകമ്പനത്തിൽ സമീപത്തെ ഫോട്ടോ സ്റ്റുഡിയോയിലെ അലമാരയുടെ ചില്ലുകൾ തകർന്ന സംഭവവുമുണ്ടായിട്ടുണ്ട്. ടോൾ ഒഴിവാക്കാനായി ടോറസ് ലോറികൾ വാഴമുട്ടം-പാച്ചല്ലൂർ സമാന്തര റോഡ് ഉപയോഗിക്കുന്നത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. സ്‌കൂൾ സമയങ്ങളിൽ അമിതഭാരം കയറ്റി ടോറസ് ലോറികൾ ചീറിപ്പായുകയാണെന്ന് നാട്ടുകാർ പറയുന്നു.