p

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ജൂണിൽ നടത്തിയേക്കും. തിരഞ്ഞെടുപ്പ്, ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി എന്നിവയുടെ സമയക്രമം കാരണമാണ് മേയ് 15മുതൽ നടത്താനിരുന്ന പരീക്ഷ നീട്ടുന്നത്. മേയ് 15മുതൽ 31വരെയാണ് യു.ജി.സിയുടെ ദേശീയതല ബിരുദ പ്രവേശന പരീക്ഷ.

ഇക്കൊല്ലം മുതൽ ഓൺലൈനായി നടത്തുന്ന എൻജിനിയറിംഗ് പ്രവേശന പരീക്ഷ 140 കേന്ദ്രങ്ങളിൽ 10ദിവസം കൊണ്ട് പൂർത്തിയാക്കാനാണ്ശ്രമം. പ്രതിദിനം 22,000 കുട്ടികൾക്ക് പരീക്ഷയെഴുതാൻ സൗകര്യമുണ്ട്.

മേയ് അഞ്ചിന് നീറ്റ് യു.ജി പരീക്ഷയുണ്ട്. മേയ് പത്ത് മുതൽ 12വരെ കുസാറ്റ് പ്രവേശന പരീക്ഷയുമുണ്ട്. ഒന്നരലക്ഷത്തോളം കുട്ടികളാണ് എൻജിനിയറിംഗ്, ഫാർമസി എൻട്രൻസിന് അപേക്ഷിക്കാറുള്ളത്.

ഇനി ഒരു പരീക്ഷ

ഇനി 150 ചോദ്യങ്ങളുള്ള 3 മണിക്കൂർ ഒറ്റ പരീക്ഷയാവും. 75 ചോദ്യങ്ങൾ മാത്തമാറ്റിക്സ്, 45 എണ്ണം ഫിസിക്സ്, 30എണ്ണം കെമിസ്ട്രി എന്നിങ്ങനെ. ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ സ്കോറായിരിക്കും ബിഫാം പ്രവേശനത്തിന് പരിഗണിക്കുക.

 ഫാർമസിക്ക് മാത്രം അപേക്ഷിക്കുന്നവർക്ക് 75ചോദ്യങ്ങളുള്ള ഒന്നര മണിക്കൂർ പരീക്ഷ നടത്തും. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുടെ മാർക്കിനും പ്രവേശന പരീക്ഷയിലെ സ്കോറിനും തുല്യപരിഗണന നൽകിയാവും റാങ്ക് പട്ടിക തയ്യാറാക്കുക.