
തിരുവനന്തപുരം/വിഴിഞ്ഞം: വീട്ടിൽ നിന്ന് കോളേജിലേക്ക് പോകാനിറങ്ങുമ്പോൾ അമ്മ ബിന്ദുവിന്റെ കവിളിൽ മുത്തം നൽകിയാണ് അനന്തു ഇന്നലെ യാത്ര പറഞ്ഞത്. ' തുപ്പലെല്ലാം മുഖത്ത് തേച്ചിട്ടാണോ പോകുന്നത് ' എന്ന അമ്മയുടെ ചോദ്യത്തിന്, 'അതു തുടച്ചുകളയണ്ട, ഞാൻ വരുന്നതുവരെ അങ്ങനെ തന്നെ ഇരുന്നോട്ടെ' എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാണ് അനന്തു സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്‌തത്.
എന്നാൽ മിനിട്ടുകൾക്കുള്ളിൽ മകന്റെ അപകടവാർത്തയാണ് ബിന്ദുവിന്റെ കാതിലെത്തിയത്. വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെയാണ് ഇന്നലെ അപകടമുണ്ടായത്. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ ബിന്ദു പ്രാർത്ഥനയും നിലവിളിയുമായി ശുഭവാർത്തയ്‌ക്കായി കാത്തിരുന്നു. എന്നാൽ അനന്തുവിനെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകന്റെ മരണവിവരം അറിയിക്കാതെയാണ് ബന്ധുക്കൾ ബിന്ദുവിനെ വീട്ടിലെത്തിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ മകന്റെ വേർപാട് അറിഞ്ഞയുടൻ അമ്മ അലമുറയിട്ട് കരഞ്ഞു.
നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിയായിരുന്നു അനന്തു. അടുത്തവർഷം മകൻ ഡോക്ടറാകുമ്പോൾ വീട്ടുമുറ്റത്ത് ഡോക്ടർ എന്ന ബോർഡ് ഉയരുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു കുടുംബം. സജീവ ഇടതുപക്ഷ പ്രവർത്തകയും ലോട്ടറി ഏജന്റ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ അമ്മയെ പാർട്ടി മീറ്റിംഗുകളിലെത്തിക്കുന്നത് അനന്തുവായിരുന്നു. അമ്മയുടെ നിഴലുപോലെ കൂടെയുണ്ടാകാറുള്ള അനന്തുവിന്റെ വേർപാട് ആ കുടുംബത്തിന് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.
പാരമ്പര്യമായി ഭദ്രകാളി ക്ഷേത്രത്തിലെ വാത്തി കർമ്മങ്ങൾ നടത്തുന്ന കുടുംബത്തിലെ പുതുതലമുറക്കാരനായ അനന്തുവും മൂലൂർ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ സമയങ്ങളിൽ ക്ഷേത്ര പൂജാകർമ്മങ്ങളിൽ പങ്കെടുക്കുമായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്ന അവൻ സൗമ്യ സ്വഭാവക്കാരനായിരുന്നെന്ന് സഹപാഠികളും ഓർത്തു.