d

ചെന്നൈ: തമിഴ്നാട്ടിൽ എൻ.ഡി.എക്കൊപ്പം നിൽക്കുന്ന പട്ടാളി മക്കൾ കക്ഷി (പി.എം.കെ) പത്ത് സീറ്റുകളിൽ മത്സരിക്കും. ലോക്‌സഭയിലെ ഏഴു സീറ്റുകളും ഒരു രാജ്യസഭാ സീറ്റും വേണമെന്നായിരുന്നു പി.എം.കെ നിലപാട്. രാജ്യസഭാ സീറ്റ് നൽകാനാകില്ലെന്ന് ബി.ജെ.പി അറിയിച്ചതോടെ 10 സീറ്റുകൾ വേണമെന്നായി. കേന്ദ്രമന്ത്രി പദം വേണമെന്ന ആവശ്യവും ബി.ജെ.പി അംഗീകരിച്ചതായാണ് സൂചന.

പാർട്ടി വൈസ് പ്രസിഡന്റ് അൻപുമണി രാമദോസ് ധർമ്മപുരിയിൽ നിന്ന് ജനവിധി തേടും

ഡി.എം.കെ വിട്ട് എൻ.ഡി.എയിൽ എത്തിയ ഇന്ത്യ ജനനായക കക്ഷിക്ക്പേരമ്പലൂർ നൽകാൻ ധാരണയായിരുന്നു. ഇവിടെ പാർട്ടി പ്രസിഡന്റ് ഡോ.ടി.ആർ.പാരിവേന്ദർ മത്സരിക്കും. കഴി‌ഞ്ഞ തവണ ഡി.എം.കെ ചിഹ്നമായ ഉദയസൂര്യനിലാണ് പാരിവേന്ദർ മത്സരിച്ചത്. നാല് ലക്ഷത്തിൽപരം വോട്ടിനാണ് ജയിച്ചത്. ഇത്തവണ താമര ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് ബി.ജെ.പി നിർദേശിച്ചിരിക്കുന്നത്. മറ്റൊരു സഖ്യകക്ഷിയായ പുതിയ നീതി കക്ഷിക്ക് വെല്ലുർ നൽകി. ഇവിടെ എ.സി ഷണ്മുഖം മത്സരിക്കും. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥിയായിരുന്നു ഷണ്മുഖം.

ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയം ഇന്നലേയും പൂർത്തിയായില്ല. ഗവർണർ സ്ഥാനം രാജി വച്ച് എത്തിയ തമിഴിസൈ സൗന്ദർരാജൻ പുതുച്ചേരിക്ക് പകരം കന്യാകുമാരി ചോദിച്ചതായി അഭ്യൂഹമുണ്ട്.ഡി.എം.കെ ഇന്ന് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കോൺഗ്രസിൽ സീറ്റിനായുള്ള പിടിവലി ശക്തമായി. കാർത്തിക് ചിദംബരം ശിവമോഗയിൽ നിന്നും മത്സരിക്കും. കൃഷ്ണഗിരി മണ്ഡലത്തിൽ സിറ്റിംഗ് എം.പി എ.ചെല്ലകുമാറിന് ഇത്തവണ സീറ്റ് നൽകരുതെന്നാണ് ഡി.എം.കെ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എം.പി എന്ന നിലയിൽ ചെല്ലകുമാറിന്റേത് മോശം പ്രകടനമായിരുന്നുവെന്നും വീണ്ടും മത്സരിച്ചാൽ തോൽക്കാനിടയുണ്ടെന്നുമാണ് ഡി.എം.കെയുടെ വിലയിരുത്തൽ