crime

പാറശാല: പാറശാല പരശുവയ്ക്കൽ കൊല്ലിയോട് എസ്‌.ബി സദനം വീട്ടിൽ രാത്രിയിൽ അതിക്രമിച്ചുകയറി സഹോദരങ്ങളായ രാധാകൃഷ്ണൻ,ഭാസി എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി പരശുവയ്ക്കൽ കൊല്ലിയോട് ജി.എസ്‌ ഭവനിൽ സിലി എന്ന് വിളിക്കുന്ന കിങ്സിലി (54), മൂന്നാം പ്രതി പരശുവയ്ക്കൽ ആലുനിന്നവിള കരയ്ക്കാട് എം.ഇ ഭവനിൽ ഷാജിൻ എന്ന് വിളിക്കുന്ന ഷിജിൻ (41) എന്നിവരെ 7 വർഷം കഠിനതടവിനും 25000 രൂപ പിഴയൊടുക്കുന്നതിനും നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ വിധിച്ചു.

2007 മേയ് 24ന് രാത്രി 10നായിരുന്നു സംഭവം. കേസിലെ ഒന്ന് മുതൽ മൂന്നുവരെ പ്രതികൾ ആയുധങ്ങളുമായി വീട് അതിക്രമിച്ചു കയറി സഹോദരങ്ങളെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികൾ സ്പിരിറ്റു കടത്തുന്ന വിവരം രാധാകൃഷ്ണനും ഭാസിയും എക്സൈസിനെ അറിയിച്ചതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണം. മൂന്നാംപ്രതി ഗോഡ്‌വിൻ ജോസ് പിന്നീട് മരിച്ചു. പാറശാല എസ്.ഐ സുരേഷ് കുമാറാണ് അന്വേഷണം നടത്തിയത്. പ്രോസിക്ക്യുഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യുട്ടർ സി.ഡി.ജസ്റ്റിൻ ജോസ് ഹാജരായി.