
നെടുമങ്ങാട് : തിരഞ്ഞെടുപ്പ് ഗോദയിൽ വീശിയടിക്കുകയാണ് പൗരത്വ ഭേദഗതി ബിൽ. എൽ.ഡി.എഫ്,യു.ഡി.എഫ് ക്യാമ്പുകൾ ബില്ലിനെ കേന്ദ്രീകരിച്ച് പ്രചാരണം കൊഴുപ്പിക്കുമ്പോൾ,പ്രതിരോധം തീർക്കുകയാണ് ബി.ജെ.പി - എൻ.ഡി.എ സഖ്യം. പകൽ ചുട്ടുപൊള്ളുന്ന ചൂട് വകവയ്ക്കാതെ ഓടി നടന്ന് ബില്ലിനെതിരായി ജനാഭിപ്രായം രൂപപ്പെടുത്തുന്ന ഇടത്,വലത് മുന്നണി സ്ഥാനാർത്ഥികൾ പ്രധാന ജംഗ്‌ഷനുകളിൽ പ്രവർത്തകരെ അണിനിരത്തി പ്രതിഷേധ നൈറ്റ് മാർച്ചിനും നായകത്വം വഹിക്കുന്നുണ്ട്. ആറ്റിങ്ങൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി നിയമസഭ മണ്ഡലം കേന്ദ്രങ്ങളിൽ ഇതിനകം നൈറ്റ് മാർച്ച് സംഘടിപ്പിച്ചു കഴിഞ്ഞു.യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ഒട്ടും പിന്നിലല്ല.യു.ഡി.എഫിന്റെ കൺവെൻഷൻ വേദികളിൽ പൗരത്വ ബില്ലിനെതിരായ പ്രതിഷേധം കടുക്കുകയാണ്. എന്നാൽ,ബില്ലിന്റെ അനിവാര്യത വോട്ടർമാരെ ബോദ്ധ്യപ്പെടുത്താൻ ഓരോ ജംഗ്‌ഷനിലും വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പദയാത്രകൾ നടത്തിയും സമുദായ നേതാക്കളെ വെവ്വേറെ സന്ദർശിച്ചും എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ ശക്തമായ ചെറുത്തു നില്പാണ് നടത്തുന്നത്.അഴൂർ, പോത്തൻകോട്,വാമനപുരം പഞ്ചായത്തുകളിൽ ഇന്നലെ നടന്ന പദയാത്രകൾ ത്രികോണ മത്സരത്തിന്റെ പ്രതീതി ജനിപ്പിച്ചാണ് മുന്നേറിയത്.പോത്തൻകോട് ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷന്റെ വികസന ചർച്ചയിലും എൻ.ഡി.എ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലും വി.മുരളീധരൻ പങ്കെടുത്തു. യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം പ്രകടമായ മണ്ഡലം കൺവെൻഷനുകളിൽ അടൂർ പ്രകാശിന് ലഭിക്കുന്നത് ഹൃദ്യമായ സ്വീകരണം.വെഞ്ഞാറമൂട്, നെല്ലനാട് മണ്ഡലം കൺവെൻഷനുകളിൽ കോൺഗ്രസ് ജില്ലാ, ബ്ലോക്ക് തല നേതാക്കളുടെയും ഘടകകക്ഷി നേതാക്കളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ഇന്ന് രാവിലെ വർക്കലയിലും പുല്ലംപാറയിലെ ചേപ്പിലോട് ക്ഷേത്രത്തിലും അടൂർ സന്ദർശിക്കും.വെമ്പായത്ത് മഹിളാ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും യോഗങ്ങളിലും വൈകിട്ട് കാട്ടാക്കട നിയോജക മണ്ഡലം കൺവെൻഷനിലും കണിയാപുരത്ത് ഇഫ്താർ വിരുന്നിലും പങ്കെടുക്കും. അഗസ്ത്യമലയുടെ നെറുകയിൽ കാട്ടാറിന്റെയും കാടിന്റെ മക്കളുടെയും തലോടലേറ്റ് 'ഊരറിഞ്ഞുള്ള" യാത്രയിലാണ് ഇടത് സ്ഥാനാർത്ഥി വി.ജോയി. ഇന്ന് പൊടിയം മേഖലയിലെ വാലിപ്പാറ,ചോനമ്പാറ,ആമല എന്നിവിടങ്ങൾ സന്ദർശിക്കും. എൽ.ഡി.എഫ് കരിപ്പൂര് മേഖല കൺവെൻഷൻ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പി.കെ. സാമിന്റെ അദ്ധ്യക്ഷതയിൽ കരിപ്പൂര് മേഖല കൺവീനർ പുലിപ്പാറ വിജയൻ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി ആർ.ജയദേവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ഹരികേശൻ നായർ, മന്നൂർക്കോണം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.