kalunk

അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി

പാറശാല: കരമന കളിയിക്കാവിള ദേശീയപാതയിൽ ഇരുവശത്തുമുള്ള രണ്ട് കുന്നുകളെ ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന തിരക്കേറിയതും അപകടങ്ങൾ പതിയിരിക്കുന്നതുമായ മേഖലയാണ് ഉദിയൻകുളങ്ങരയ്ക്കും കൊറ്റാമത്തിനും ഇടയിലുള്ള പ്രദേശം.

ചെങ്കൽ കൊല്ലയിൽ പഞ്ചായത്ത് അതിർത്തികളിലെ ഏലാകൾക്ക് നടുവിലൂടെ കടന്നുപോകുന്ന മേഖലയാണിത്.

കൊടുംവളവുകൾ കടന്നുപോകുന്ന ആളൊഴിഞ്ഞ പ്രദേശമാണ്. സന്ധ്യ കഴിഞ്ഞാൽ റോഡിൽ കൂരിരുട്ടാണ്.

മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതുകാരണം റോഡും തോടും തിരിച്ചറിയാൻ കഴിയില്ല. ഇടുങ്ങിയ റോഡിന് കുറുകെയുള്ള തോടിന് മുകളിൽ സ്ഥാപിച്ചിരുന്ന കലുങ്കുകൾ തകർന്നിട്ട് ഒരു വർഷത്തോളമായി. ഇവ പുനർനിർമ്മിക്കാൻ അധികൃതർ നടപടിയെടുത്തിട്ടില്ല.

അപകടമേഖലയാണെന്ന് അറിയാവുന്നവർ റോഡിന് ഇരുവശത്തുമായുള്ള അപകട കുഴികളിൽപ്പെടാതെ ഏറെ ശ്രദ്ധിച്ചാണ് വാഹനങ്ങൾ ഇതുവഴി ഓടിച്ചുപോകുന്നത്. എന്നാൽ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങളെ മറികടക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ ഇരുവശത്തുമുള്ള അപകടക്കുഴികളെക്കുറിച്ച് അറിയാതെയെത്തുന്ന വാഹനങ്ങളുടെ നേരിയ അശ്രദ്ധ മതി അപകടങ്ങൾക്ക് കാരണമാകാൻ.

ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നതും അതീവ പ്രധാന്യമുള്ളതുമായ ദേശീയപാതയിലെ അപകടം ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡിലെ പ്രശ്നം

കെടുംവളവ്

വീതികുറഞ്ഞ റോഡ്

തോടിന് കുറുകെയുള്ള കലുങ്ക് തകർന്നു

തെരുവ് വിളക്കുകളും ഇല്ല

കലുങ്ക് തകരാൻ കാരണം

രാത്രിൽ അമിതവേഗത്തിലെത്തിയ ടോറസ് ലോറിയുടെ നിയന്ത്രണം തെറ്റിയതാണ് ഒരുവശത്തെ കലുങ്ക് തകർക്കാൻ കരണമായതെങ്കിൽ അമിതവേഗത്തിൽ കടന്നുപോയ മറ്റൊരു വാഹനമാണ് മറുവശത്തെ കലുങ്കും തകർത്തത്. കലുങ്കുകൾ തകർന്നതു കാരണം റോഡിനോട് ഇരുവശത്തും വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.

അധികൃതർക്ക് മൗനം

അടിയന്തര നടപടിയെന്ന പേരിൽ ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ കലുങ്കുകൾ സ്ഥാപിച്ചിരുന്ന ഭാഗം ജെ.സി.ബി ഉപയോഗിച്ച് കൂടുതൽ കുഴിച്ച് മാറ്റിയത് പ്രദേശം കൂടുതൽ അപകട മേഖലയാക്കി മാറ്റി. എന്നാൽ അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ ദേശീയപാത അധികൃതരോ റോഡ് സുരക്ഷാ അധികൃതരോ പിന്നീട് ഇവിടെ എത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.