പാറശാല: കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജൂസിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്നുപേരും കുറ്റം നിഷേധിച്ചു. 2022 ഒക്ടോബർ 14 നാണ് കേസിലെ ഒന്നാം പ്രതിയായ തമിഴ്‌നാട് ഭാഗത്തെ ദേവിയോട് ശ്രീനിലയത്തിൽ ഗ്രീഷ്‌മ പാറശാല സ്വാദേശി ഷാരോൺ എന്ന യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം കളനാശിനി ജൂസിൽ കലർത്തി നൽകിയത്.

അത്യാസന്ന നിലയിലായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.സംഭവത്തിൽ ഗ്രീഷ്മ, സഹായം ചെയ്ത ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധു,വിഷദ്രാവകം വാങ്ങിക്കൊടുത്ത അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽകുമാർ എന്നിവരെ കുറ്റപത്രം വായിച്ചുകേൾക്കുന്നതിനായി കോടതിയിൽ വിളിച്ചവരുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പാറശാല പൊലീസ് തയാറാക്കിയ കുറ്റപത്രം നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക്ട് കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് ജാമ്യത്തിലായിരുന്ന പ്രതികളെ വിളിച്ചു വരുത്തി കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. തുടർന്നാണ് മൂന്നുപേരും കുറ്റം നിഷേധിച്ചത്.തുടർന്ന് കേസിലെ സാക്ഷികളായ 19 പേരുടെയും വിചാരണ സെപ്തംബർ 19 മുതൽ തുടരുന്നതിന് നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജി എ.എ.ബഷീർ ഉത്തരവായി.കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ച ബി.എസ്.വിനീത്കുമാർ ഹാജരായി.